ദേശീയപാത പുനര്‍ നിര്‍മ്മിക്കുന്ന കൂരിയാട് സര്‍വീസ് റോഡും ഉയരത്തില്‍ തന്നെ വേണമെന്ന് നാട്ടുകാര്‍. നിലവിലെ രീതിയില്‍ പുനര്‍നിര്‍മിച്ചാല്‍ വീണ്ടും തകരുമെന്ന ഭീതിയിലാണ് ഇവര്‍. പുനര്‍ നിര്‍മ്മിക്കുന്ന ഭാഗത്തെ സര്‍വീസ് റോഡിന്‍റെ കാര്യത്തില്‍ ഇതുവരെയും ദേശീയപാത അതോറിറ്റി വ്യക്തത വരുത്തിയിട്ടില്ല.
ദേശീയപാത 66ല്‍ കൂരിയാട് നിര്‍മ്മാണത്തിനിടെ തകര്‍ന്ന 360മീറ്റര്‍ ഭാഗം അതിവേഗം പുനര്‍നിര്‍മിക്കുമെന്നായിരുന്നു നിതിന്‍ ഗഡ്ക്കരിയെ കണ്ട ശേഷം മുഹമദ് റിയാസിന്‍റെ പ്രതികരണം. തകര്‍ന്ന ഭാഗം പുനര്‍ നിര്‍മിക്കുമ്പോള്‍ സര്‍വീസ് റോഡും പാലത്തിന്‍റെ ഉയരത്തില്‍ തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ രീതിയില്‍ സര്‍വീസ് റോഡ് പണിതാല്‍ വലിയ അപകടം ഉണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. നാല് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് നീക്കം. മഴ ഉള്‍പ്പടെ പ്രതികൂല കാലാവസ്ഥക്കിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകുമെന്ന് ഉറപ്പ്.