പാത തകര്‍ന്ന മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കരാര്‍ കമ്പനിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. മൂന്നുദിവസത്തിനിടയില്‍ അഞ്ചിടത്ത് പാത പൊളിഞ്ഞിട്ടും പൊതുമരാമത്ത് മന്ത്രി പ്രതികരിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ തയാറായിട്ടില്ല.
അശാസ്ത്രീയ നിര്‍മാണമാണ് തകര്‍ച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തേഞ്ഞിപ്പലത്തെ കരാര്‍ കമ്പനി ഓഫിസിലെ കസേര അടക്കമുള്ളവ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയ പാത നിര്‍മാണത്തെ തുടര്‍ന്ന് വീടുകളിലേയ്ക് വെള്ളവും ചെളിയും കയറിയ കണ്ണൂര്‍ തളിപ്പറമ്പില്‍ സ്ത്രീകളടക്കമുള്ളവര്‍ ഇറങ്ങി പ്രതിഷേധിച്ചു.
വിള്ളല്‍ രൂപപ്പെട്ട തൃശൂര്‍ ചാവക്കാട് മണത്തലയിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഗുരുതരമായ എൻജിനീയറിങ് പരാജയമാണ് സംഭവിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പ്രതിഷേധം വ്യാപകമാവുമ്പോഴും പൊതുമരാമത്ത് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും വിള്ളലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. എന്നാല്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ പൊതുമരാമത്ത് വകുപ്പ് ഇടപെടുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്‍റെ പ്രതികരണം.