bank

പണവും പച്ചമരുന്നും ഒരുപോലെ വളരുന്ന ഒരു ബാങ്ക്. ഫെഡറല്‍ ബാങ്കിന്റ കോഴിക്കോട് സോണൽ ഓഫിസിന്റ മട്ടുപ്പാവിലാണ് അറുപതിലേറെ വ്യത്യസ്തയിനം ഔഷധച്ചെടികളുടെ കലവറയുള്ളത്. 

​പടികയറിയെത്തുന്നത് ഔഷധത്തോട്ടത്തിലേക്കാണ്. ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്ക് എരുക്ക്, ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് മുക്കുറ്റി, ത്വക്ക് രോഗങ്ങൾക്ക് കിരിയാത്ത, മുടി വളരാൻ സിതാർമുടി എന്നിവയും 14 വ്യത്യസ്തയിനം തുളസികളും ഉൾപ്പെടെ നിരവധി സസ്യങ്ങൾ ഇവിടെയുണ്ട്. തലമുറകളായി നാടൻ ചികിത്സയിൽ ഇടംപിടിച്ചവ മുതൽ അധികമാരും ശ്രദ്ധിക്കാത്ത ഔഷധച്ചെടികൾ വരെ ഈ തോട്ടത്തിൽ ഇടംനേടിയിട്ടുണ്ട്.

ബാങ്കിലെ ജോലിത്തിരക്കിനിടയിൽ മാനസിക സമ്മർദം കുറയ്ക്കാൻ മട്ടുപ്പാവിൽ ഒരു ഔഷധസസ്യത്തോട്ടം ഒരുക്കിയാലോ എന്ന ആശയം ആദ്യം മുളച്ചത് ലീഗൽ ടീം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രീതി ജേക്കബിന്റെ മനസിലാണ്. ഒപ്പം ചേര്‍ന്ന് ക്ലസ്റ്റർ ഹെഡ് ഷബീർ അഹമ്മദും. ആശയത്തിന് ബാങ്കിന്റെ പിന്തുണ കൂടി ലഭിച്ചതോടെ മട്ടുപ്പാവിൽ പച്ചപ്പ് പടർന്നു.

ചെടികൾ വളരാൻ മണ്ണും വെള്ളവും മാത്രം പോരല്ലോ... കൃത്യമായ പരിചരണ കൂടി വേണം. അതിനും ഇവിടെ വേറിട്ടൊരു വഴിയുണ്ട്. വെള്ളം പാഴാക്കാതെ ചെടികൾക്ക് ആവശ്യമായ ഈർപ്പം ഉറപ്പാക്കാൻ തിരിനന രീതി. കുറഞ്ഞ വെള്ളം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായ പരിചരണം ഉറപ്പാക്കുന്ന ഈ രീതിയിലൂടെ മട്ടുപ്പാവിലെ ഔഷധത്തോട്ടം ശ്രദ്ധേയമായ മാതൃകയായി മാറുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on the unique rooftop medicinal garden created by the Federal Bank Kozhikode zonal office to promote green initiatives and relieve workplace stress. This sustainable terrace garden features over sixty varieties of medicinal plants nurtured through efficient irrigation methods.