ഭിന്നശേഷിക്കാര്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ വിവാദത്തിലായ കോഴിക്കോട് എരഞ്ഞിപ്പാലത്തെ സിറ്റി വനിത സഹകരണസംഘത്തില്‍  2 കോടിരൂപയുടെ  ക്രമക്കേട്  നടന്നതായി   ലീഗല്‍ സര്‍വീസ് സൊസൈറ്റി. വായ്പ പരിധി 3 ലക്ഷം രൂപയാണെങ്കിലും  ചിലര്‍ക്ക് 20ലക്ഷം വരെ വായ്പയായി നല്‍കിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഘത്തിനെതിരെ സ്വമേധയാ കേസെടുത്ത  ലീഗല്‍ സര്‍വീസ് സൊസൈറ്റി  അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു.

എരഞ്ഞിപ്പാലത്തെ  യു എല്‍ നായനാര്‍  ബാലിക സദനത്തില്‍ തൊഴില്‍ പരീശിലനം നേടിയ  43 ഭിന്നശേഷി കുട്ടികള്‍ ജോലി ചെയ്ത് സമ്പാദിച്ച 20 ലക്ഷം രൂപയാണ്  സഹകരണ സംഘത്തില്‍ നിക്ഷേപിച്ചിരുന്നത്. അടുത്തിടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘം നഷ്ടത്തിലാണെന്നും പൂട്ടിയെന്നും മനസിലായത്. കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത ലീഗല്‍ സര്‍വീസ് സൊസൈറ്റി സഹകരണ സംഘത്തിന്റ  2013 മുതലുള്ള  ഒാഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ്  വലിയ തോതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 

വായ്പ പരിധി ലംഘിച്ച്  20ലക്ഷം വരെ  സ്വകാര്യവ്യക്തിക്കള്‍ക്ക് സംഘം   വായ്പ കൊടുത്തതായും  ഒരു മള്‍ട്ടിലെവല്‍ സൊസൈറ്റിയില്‍ 2 കോാടി രൂപ നിക്ഷേപിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  ലീഗല്‍ സര്‍വീസ് അതോറിറ്റി സഹകരണസംഘത്തിനെതിരെ സ്വമേധയാ  കേസെടുത്തത്. മാത്രമല്ല കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.  ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ഇടപെടലില്‍  പണം നിക്ഷേപിച്ചവരും   പ്രതീക്ഷയിലാണ്. 

ഇതിനിടെ  വായ്പ തിരിച്ചടയ്ക്കാനുള്ള   ഏഴുപേരില്‍ നിന്നായി എത്രയും  വേഗം തുക തിരിച്ചുപിടിക്കാന്‍ ജോയിന്‍റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ലീഗല്‍ സര്‍വീസ് സൊസൈറ്റി തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.    

ENGLISH SUMMARY:

The Legal Services Authority has uncovered a Rs 2 crore financial fraud at the City Vanitha Cooperative Society in Eranjipalam, Kozhikode, which allegedly defaulted on returning Rs 20 lakh deposited by 43 differently-abled youths from U.L. Nayanar Balika Sadanam. Audit reports since 2013 revealed illegal loans up to Rs 20 lakh and unauthorized investments, prompting the authority to register a suo motu case and recommend a Crime Branch investigation while recovery steps are initiated.