കോഴിക്കോട് 71 കാരിയുടെ കണ്ണിൽ നിന്നും 15 സെന്‍റീമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. മൂന്ന് ദിവസമായി കണ്ണിൽ അസഹ്യമായ അസ്വസ്ഥതകളും ചുവപ്പും അനുഭവപ്പെട്ടാണ് എരഞ്ഞിമാവ് സ്വദേശിയായ വയോധിക ആശുപത്രിയിലെത്തിയത്. ഇടതു കണ്ണിന്‍റെ വെള്ള ഭാഗത്തിനടിയിൽ നിന്നുമാണ് വിരയെ പുറത്തെടുത്തത്.
കൊടിയത്തൂർ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിൽ വെച്ച് ഒ.പി പരിശോധനക്കിടയിലാണ് സംഭവം. ഡോ. ഇ.വരുൺ ഹാരിഷാണ് കണ്ണില്‍ നിന്നും വിരയെ നീക്കം ചെയ്തത്. 71കാരിക്ക് വരും ദിവസങ്ങളിലും പരിശോധനകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഡൈലോ ഫൈലേറിയ വിഭാഗത്തിൽപ്പെടുന്ന കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിലെത്തുന്നത്. കൊതുകുകളിലൂടെയും വളർത്തു മൃഗപരിപാലനത്തിനിടയിലും ഇവ ശരീരത്തിലെത്താൻ സാധ്യതയേറെയാണ്.