കോഴിക്കോട്  തിരുവമ്പാടിയിൽ  കെഎസ്ആര്‍ടിസി ബസ് ഇടിച്ചു  ഗുരുതരമായി പരുക്കേറ്റ സ്കൂൾ വിദ്യാർഥിനിക്ക് തുടർചികിത്സയ്ക്ക് പണമില്ല. ഇതുവരെ മൂന്ന് ലക്ഷത്തോളം രൂപ ചെലവായ കുടുംബത്തിന് ഇനി വേണ്ടത് നാലര ലക്ഷത്തോളം രൂപയാണ്. സര്‍ക്കാരില്‍ നിന്ന്  അടിയന്തര സഹായം കിട്ടിയില്ലെങ്കില്‍  പൊതുജനങ്ങളിൽനിന്ന് പണം സമാഹരിക്കാൻ ഒരുങ്ങുകയാണ്  ഗ്രാമപഞ്ചായത്ത്. 

ഈ മാസം എട്ടിനാണ്  സ്കൂളിലേക്ക് പോകുന്നതിനിടെ തിരുവമ്പാടി ബസ്റ്റാൻഡിൽ വച്ച്  കെഎസ്ആർടി ബസ് വിദ്യാര്‍ഥിനിയെ  ഇടിച്ചുതെറിപ്പിച്ചത്. കുട്ടിയുടെ കാലിലൂടെയാണ് ബസിന്‍റെ മുൻചക്രം കയറിയിറങ്ങിത് . നിർണായക ശസ്ത്രക്രിയയാണ് ഇനി വേണ്ടത്. അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ   പകച്ചുനിൽക്കുകയാണ് കുടുംബം.

കെഎസ്ആർടിസി അടിയന്തര സഹായമായി നല്‍കിയ  ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ കിട്ടിയത്. അതിന്റ മൂന്നിരട്ടി ഇപ്പോള്‍ തന്നെ ചികില്‍സയ്ക്ക് ചെലവായി കഴിഞ്ഞു.ഇനി പണം കണ്ടെത്താന്‍  കുടുംബത്തിന് മുന്നിൽ വഴികളില്ല.സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍  പൊതുജനങ്ങളിൽനിന്ന് പണം സമാഹരിക്കാനാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. സി പി എമ്മും കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹമായ ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍  ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി പി എം  അറിയിച്ചിട്ടുണ്ട്. ബസിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

KSRTC bus accident news covers the tragic incident in Thiruvambady where a school student suffered critical injuries and now faces severe financial distress for her ongoing medical treatment.: