ഇന്നലെ വൈകീട്ടു കോഴിക്കോട് കടപ്പുറത്തേക്ക് അപൂര്‍മായ വിനോദസഞ്ചാര സംഘമെത്തി. വിധി വീടിന്റെ നാലു ചുമരുകള്‍ക്കിടയിലേക്കൊതുക്കിയ 130ല്‍ പരം ആളുകളാണു കടല്‍ കാണാനെത്തിയത്. കോഴിക്കോട് നരിക്കുനിയിലെ അത്താണിയെന്ന സന്നദ്ധ സംഘടനയാണു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

കടലോളം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കണ്‍നിറയെ കടല്‍കാണാന്‍ പോലും മറന്നവരായിരുന്നു മിക്കവരും. രോഗത്തിന്റെയും അപകടത്തിന്റെയും രൂപങ്ങളില്‍ ഷോ സ്റ്റോപ്പറുകളെത്തിയപ്പോള്‍ ജീവിതം കട്ടിലിലേക്കൊതുങ്ങി. പിന്നെ പലരാല്‍ കോര്‍ത്തുപിടിച്ച നന്മ‍കളിലായി ചിരിയും സന്തോഷവുമെല്ലാം. ഉതിര്‍ന്നു പോകാതെ ജീവിതത്തെ കാക്കുന്ന കൈകളാണ്,  നരിക്കുനിയില്‍ നിന്നു ആംബുലന്‍സുകള്‍ വിളിച്ചു കടലിന്റെ താളത്തിലേക്കെത്തിച്ചത്.

85 ആംബുലന്‍സുകളിലായി നട്ടല്ല് തകര്‍ന്നു കിടപ്പിലായവരും പക്ഷാഘാതം വലിച്ചു താഴെയിട്ടവരും അടക്കം 130 രോഗികളാണു കടപ്പുറത്തേക്കെത്തിയത്.പരസ്പരം കണ്ടും മിണ്ടിയും വേദനകള്‍ക്കിടയിലവര്‍ സന്തോഷം തിരഞ്ഞു.

 പാലിയേറ്റീവ് കെയറായി തുടങ്ങി നൂറുകണക്കിനു കുടുംബങ്ങളുടെ ആശ്രയമായി  വളര്‍ന്നതിന്റെ  ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്രയും രോഗികളുമായി അത്താണി കോഴിക്കോട്ടേക്കെത്തിയത്.

ENGLISH SUMMARY:

Malayala Manorama Online News reports on a heartwarming initiative where over 130 bedridden patients were brought to the Kozhikode beach in an 85-ambulance convoy by the Athani palliative care organization. This inspiring event, marking their 20th anniversary, brought immense joy and a breath of fresh air to individuals confined to their homes due to severe illnesses.