• നീയെന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീര്‍ത്തനയെ കഴുത്തിനും കാലിനും കുത്തുകയായിരുന്നെന്ന് പൊലീസ്

മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. കീര്‍ത്തനയുടെ പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് ആക്രമണം നടത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ കീർത്തന ഹാജരാകാൻ എത്തിയപ്പോഴാണ് ജിനീഷ് ഇവരെ ആക്രമിക്കുന്നത്. നീയെന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീര്‍ത്തനയെ കഴുത്തിനും കാലിനും കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കഴുത്തിന് ഉൾപ്പെടെ നാലിടത്ത് കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ പ്രാഥമിക ചികില്‍സക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജിനീഷും കീർത്തനയും ലിവിങ് റിലേഷനിലായിരുന്നു. 

ഈമാസം അഞ്ചാം തിയതിയാണ് കർശന ജാമ്യവ്യവസ്ഥകളോടെ ഹൈക്കോടതി കീര്‍ത്തനക്ക് ജാമ്യം അനുവദിച്ചത്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചായിരുന്നു ജാമ്യം.കേസിലെ ഒന്നാം പ്രതിയായ സഫ്‌വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്കു കുത്തേറ്റത്.

പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തനയെ പിടികൂടിയതിനു ശേഷമാണ് ഇവരുടെ സുഹൃത്തുക്കളും അധ്യാപികമാരുമായ കാവ്യയും നീഷ്മയും കേസിൽ പിടിയിലായത്. കേസിലെ മുഖ്യപ്രതിയെന്നു കരുതുന്നയാളെ ഇനിയും അന്വേഷണ സംഘത്തിനു പിടികൂടാനായിട്ടില്ല. 

ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്‌വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്.

ENGLISH SUMMARY:

Keerthana, the second accused in the high-profile Vadakara MDMA drug case involving teachers, was brutally stabbed in front of the Vadakara police station. The attacker was identified as her live-in partner, Jineesh, who confronted her alleging that she had ruined his life. The attack occurred when Keerthana arrived at the police station at 10:00 AM on Saturday to fulfill her mandatory weekly bail sign-in condition. Keerthana suffered multiple stab wounds to her neck and leg and was transferred to Kozhikode Medical College, while Jineesh was immediately taken into custody.