കോഴിക്കോട് നഗരത്തിന് ഇത്തവണ ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടാത്ത ഓണക്കാലം. വാഹനകുരുക്ക് അഴിക്കാനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണു ആശ്വാസമായത്. പദ്ധതി വിജയിച്ചതോടെ അനധികൃത പാര്‍ക്കിങ് നിരോധനവും ഡ്രൈവര്‍ മാത്രമുള്ള കാറുകള്‍ക്ക് നഗരാതിര്‍ത്തിക്കുള്ളിലെ നിരോധനവും ഓണക്കാലത്തിനുശേഷവും തുടരും.

സാധാരണദിവസങ്ങളില്‍ പോലും ഗതാഗതകുരുക്കില്‍ മുങ്ങുന്നതായിരുന്നു കോഴിക്കോട്ടെ സ്ഥിതി. അതു മുന്നില്‍ കണ്ടായിരുന്നു ഓണക്കാലത്തെ പൊലീസിന്‍റെ ഇടപെടല്‍. ആദ്യം മുന്നറിയിപ്പ്. ഓണ അവധി തുടങ്ങിയ ശനിയാഴ്ച മുതല്‍ നഗരത്തില്‍ അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു. പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങള്‍ പൊലീസ് തന്നെ കണ്ടെത്തി അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തു. 

ഡ്രോണ്‍ ഉപയോഗിച്ചുള്ള കര്‍ശനമായ നിരീക്ഷണവും വാഹന നിയന്ത്രണത്തിനു കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരും സജ്ജമായതോടെ നഗരം അധികം കുരുങ്ങാതെ രക്ഷപെട്ടു. പൈലറ്റ് പ്രൊജക്ടായി നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ ഓണക്കാലത്തിനുശേഷവും അനധികൃത പാര്‍ക്കിങ് നിരോധനമടക്കം തുടരുമെന്ന്  സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി പറഞ്ഞു. 

നാലു ദിവസത്തിനിടെ അനധികൃതമായി പാര്‍ക്ക് ചെയ്ത നൂറിനടുത്ത് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ട്രാഫിക് എസിപി പി.സി. ചാക്കോയ്ക്കായിരുന്നു പദ്ധതിയുടെ ചുമത. കുരുക്കില്ലാത്ത കോഴിക്കോടിന് ജനങ്ങളും നല്ല പിന്തുണ നല്‍കിയത് പൊലീസിനും ആവേശമായിട്ടുണ്ട്.