kozhikode-house

കോഴിക്കോട് നടക്കാവില്‍  പൊളിഞ്ഞുവീഴാറായ വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുമായി ഒരമ്മ. കുടുംബസ്വത്തായി കിട്ടിയ ഭൂമി  റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നായതിനാല്‍ വീട് പണിയാനോ, വില്‍ക്കാനോ കഴിയില്ല.  സ്വന്തമായി ഭൂമിയുള്ളതുകാരണം സര്‍ക്കാരിന്റ ഭവന  പദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ്.  പേടിച്ചാണ് ഈ വീട്ടില്‍ മക്കളേയും കൊണ്ട് കിടന്നുറങ്ങുന്നത്..സമാധാനമായി ഉറങ്ങിയിട്ട് തന്നെ കുറെ നാളായി.

വിണ്ടുകീറിയ ചുവരുകള്‍...ഇളകിയ മേല്‍ക്കൂര...പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം... നടക്കാവില്‍ താമസിക്കുന്ന 62 കാരിയായ വസന്തകുമാരിയും പെണ്‍ മക്കളും കഴിയുന്നത് ഏത് നിമിഷവും തകര്‍ന്നു വീഴാറായ ഈ പഴയ വീട്ടിലാണ്. 

കുടുംബ സ്വത്തായി ലഭിച്ച 8 സെന്‍റ്  ഭൂമി ഈ വീടിനോട് ചേര്‍ന്നുണ്ട്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന  സ്ഥലമായതിനാല്‍  വീട് നിര്‍മ്മിക്കാന്‍ സാങ്കേതിക തടസങ്ങളുണ്ട്. ഭൂമി വില്‍പ്പനയ്ക്ക്  വച്ചാലും വാങ്ങാന്‍ ആരും തയ്യാറാകില്ല.  8 സെന്‍റ് ഭൂമി സ്വന്തമായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭവന നിര്‍മ്മാണ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയാണ്. കുടുംബത്തിന്‍റെ ആശ്രയമായിരുന്ന അച്ഛന്‍ മരണപ്പെട്ടതോടെയാണ്  ജീവിതം കൂടുതല്‍ ദുഃസഹമായത്. അസുഖങ്ങള്‍ അലട്ടുന്ന വസന്തകുമാരിക്ക് ജോലിക്ക് പോകാനുമാവില്ല. സുരക്ഷിതമായ ഒരു വീട് ..അത് മാത്രമാണ് ഇവരുടെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സുമനസ്സുകള്‍ കൂടി സഹായിക്കണം.. 

ENGLISH SUMMARY:

A mother and her two daughters are living in a dilapidated house in Nadakkavu, Kerala, fearing it could collapse at any moment. Due to the land's proximity to railway tracks, they cannot build or sell it, and being landowners excludes them from government housing schemes, leaving them in dire need of support.