mavoor

TOPICS COVERED

കേരള വ്യവസായ ചരിത്രത്തില്‍ അര നൂറ്റാണ്ടോളം തലയുയര്‍ത്തി നിന്ന കോഴിക്കോട് മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട്. ചാലിയാര്‍ മലിനീകരണ വിരുദ്ധ സമരത്തിനൊടുവില്‍ 2001 ജൂലൈ ഒന്നിനാണ് അടച്ചുപൂട്ടല്‍ നടപടികള്‍ക്ക് തുടക്കമായത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനം പൂട്ടി കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഗ്രാസിമിന് പകരമെന്തന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

ഗതകാല സ്മരണകളില്‍ ഇവിടെ ഒരു ഫാക്ടറിയുണ്ടായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറി. ‌ചാലിയാറിനെ ചോരത്തുപ്പിച്ച, ഒരുനാടിനെയാകെ മാറാരോഗങ്ങളിലേക്ക് തള്ളിവിട്ട ബിര്‍ളയെന്ന വ്യവസായ ഭീമനെ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവില്‍ മാവൂരുകാര്‍ നാടുകടത്തിയിട്ട് 25 വര്‍ഷം.

1958ല്‍ ഇ.എം.എസ് സര്‍ക്കാരാണ് ബിര്‍ള ഗ്രൂപ്പിനെ ഫാക്ടറി തുടങ്ങാന്‍ ചാലിയാര്‍ തീരത്തേക്ക് ക്ഷണിക്കുന്നത്. നാനാഭാഗത്ത് നിന്നും തൊഴിലാളികളെത്തിയതോടെ മാവൂര്‍ കോഴിക്കോടിനേക്കാള്‍ വലിയ നഗരമായി. ജവഹര്‍ കുട്ടിക്കയെ പോലെ പലരുടേയും ജീവിതം പച്ചപിടിച്ചു.

മാലിന്യം സംസ്കരിക്കാതെ കമ്പനി ചാലിയാറിലേക്കൊഴുക്കിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി. പുഴയുടെ മറുകരയില്‍, രോഗ ബാധിതരുടെ എണ്ണം കൂടി. കെ.എ. റഹ്മാന്‍റെ നേതൃത്വത്തില്‍ ചാലിയാര്‍ സംരക്ഷണ സമിതി അതിജീവന സമരത്തിന് തുടക്കമിട്ടു. 

 1985 ആദ്യ ലോക്കൗട്ട്. മലിനീകരണ വിരുദ്ധ സമരം കടുത്തതോടെ 1997 ല്‍ ഉത്പാദം നിര്‍ത്തി.

നാനൂറേക്കറിനടുത്തുളള ഭൂമി ഇപ്പോഴും ബിര്‍ളയുടെ കൈവശമാണ്. അത് തിരിച്ചെടുത്ത് മണ്ണിനും വായുവിനും പരുക്കില്ലാത്ത വ്യവസായം തുടങ്ങണമെന്നതാണ് നാടിന്റ ആവശ്യം.

മാവൂര്‍ ഓരോര്‍മ്മപ്പെടുത്തലാണ്. പ്രകൃതിയെ കൊന്നുകൊലവിളിച്ചുള്ള വികസനം ശാശ്വതമല്ലെന്ന സത്യം. ഒപ്പം വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുമ്പോള്‍ വഴിയാധാരമാകുന്ന മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും കടമയാണന്നതും.

ENGLISH SUMMARY:

Gwalior Rayons, a significant industrial entity in Kerala for nearly half a century, was shut down in Mavoor 25 years ago after a long struggle against Chaliyar pollution. Despite the passage of time since the closure of this once-largest factory in Kerala, the question of what will replace Grasim remains unanswered.