കോഴിക്കോട് കോർപ്പറേഷനിലെ വെസ്റ്റ്ഹില്ലിൽ അങ്കണവാടിയോട് ചേർന്ന് വൻതോതിൽ മാലിന്യം തള്ളുന്നതായി പരാതി. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. എന്നാൽ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തുവെന്നാണ് കൗൺസിലറുടെ വാദം

ഹോട്ടലിലെ ഭക്ഷണവസ്തുക്കൾ മുതൽ ശുചിമുറി അവശിഷ്ടങ്ങൾ വരെയുള്ള സകല മാലിന്യങ്ങളുമാണ് ഇവിടെ പരസ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്. ഈ വൻ മാലിന്യക്കൂമ്പാരത്തിന് തൊട്ടടുത്താണ് കുരുന്നുകൾ പഠിക്കുന്ന അംഗനവാടിയും, നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പോലും ഇവിടെ കുഴിവെട്ടി മൂടുന്നതായി പരിസരവാസികൾ ആരോപിക്കുന്നു.

എന്നാൽ ഹരിതകർമ്മ സേന താൽക്കാലികമായി ശേഖരിച്ച മാലിന്യങ്ങൾ ഒരു പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നുവെന്നും, വർഷങ്ങളായി അടിഞ്ഞുകൂടിയ വേസ്റ്റുകൾ കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ടെന്നുമാണ് കൗൺസിലറുടെ വാദം.

അധികൃതരുടെ അവകാശവാദങ്ങൾ ഇങ്ങനെയാണെങ്കിലും അംഗനവാടിയിലെ കുട്ടികളുടെ സുരക്ഷ ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. കളിസ്ഥലത്തോട് ചേർന്ന് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന രണ്ട്കെട്ടിടവും ഉണ്ട്. കുട്ടികൾക്ക് കുടിക്കാൻ വെള്ളമെടുക്കുന്ന കിണർ പോലും ഒരു വലയിട്ട് മൂടി സംരക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Kozhikode waste dumping is a serious issue plaguing West Hill, with significant amounts of garbage being discarded near an Anganwadi.: