കോഴിക്കോട് മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണ പ്ലാന്‍റ്  നിര്‍മാണത്തിലും പരിപാലനത്തിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്. പരിപാലനത്തില്‍ വീഴ്ച വരുത്തിയിട്ടും 71 ലക്ഷം രൂപ സ്വകാര്യകമ്പനിക്ക് കോര്‍പ്പറേഷന്‍ കൈമാറി. പണം അനുവദിക്കരുതെന്ന മുന്നറിയിപ്പും കോഴിക്കോട് കോര്‍പ്പറേഷന്‍ അവഗണിച്ചു.   

മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്ലാന്‍റിലും കോര്‍പ്പറേഷന്‍ ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തി. പ്ലാന്‍റില്‍ 900 ഇലക്ട്രോടുകള്‍ സ്ഥാപിക്കേണ്ടയിടത്ത് 300 എണ്ണമാണ് സ്ഥാപിച്ചത്.  മലിനജല സംസ്കരണത്തിന് വേണ്ട രാസവസ്തുകള്‍ ഉപയോഗിക്കുന്നതിലും വീഴ്ചയുണ്ടായി. ഇതുകാരണം സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന അളവിലുള്ള ഗുണനിലവാരം ഉറപ്പുവരുത്താനായില്ല. പ്രവര്‍ത്തനം താളതെറ്റിയിട്ടും പ്ലാന്‍റിന്‍റെ അറ്റകുറ്റപണിക്കായി കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഗ്യാരണ്ടി തുകയായ 71 ലക്ഷം രണ്ടുവര്‍ഷമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കി അനുവദിച്ചു. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്നും പണം അനുവദിക്കരുതെന്നും എന്‍ജീനിയര്‍മാര്‍ കോര്‍പ്പറേഷനെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് അവഗണിച്ച് പണം അനുവദിക്കാനുള്ള കാരണം കണ്ടെത്താന്‍ അടുത്ത ദിവസം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്‍റെ തീരുമാനം . 

​അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍റ് നിര്‍മിച്ചത്. മെഡിക്കല്‍ കോളജിലെയും പരിസരപ്രദേശങ്ങളിലെയും മലിനജലമാണ് പ്ലാന്‍റില്‍ എത്തിക്കുന്നത്. വീഴ്ച്ചയില്‍  ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താന്‍ തുടര്‍പരിശോധനകള്‍ നടത്താനാണ് വിജിലന്‍സ് നീക്കം.  

Kozhikode Medical College sewage plant corruption is under vigilance investigation following allegations of massive irregularities in its construction and maintenance. :