therappy

ആവശ്യത്തിന് തെറാപ്പിസ്റ്റുമാരില്ലാത്തതിനാൽ കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിൽ രോഗികൾ ദുരിതമനുഭവിക്കുന്നു. സമയബന്ധിതമായി ചികിത്സ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് രോഗികൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

നിശ്ചിത ദിവസങ്ങൾക്കകം ചികിത്സ പൂർത്തിയാക്കി മടങ്ങാമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെത്തിയ പലർക്കും ചികിത്സാ കാലാവധി നീട്ടേണ്ട സാഹചര്യമാണുള്ളത്. നൂറ് രോഗികൾക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമുള്ള ആശുപത്രിയിൽ നിലവിലെ രോഗി-തെറാപ്പിസ്റ്റ് അനുപാതം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു.

പത്ത് രോഗികൾക്ക് രണ്ട് തെറാപ്പിസ്റ്റുമാർ എന്ന കണക്കിൽ കുറഞ്ഞത് 20 തെറാപ്പിസ്റ്റുമാരെങ്കിലും ആവശ്യമാണ്. എന്നാൽ നിലവിൽ ഏഴ് പേരാണ് സേവനത്തിനുള്ളത്. ഇതിൽ മൂന്ന് പേർ പി.എസ്.സി മുഖേനയും മൂന്ന് പേർ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) വഴിയും ഒരാൾ ദേശീയ ആയുഷ് മിഷൻ മുഖേനയുമാണ് നിയമിതരായിരിക്കുന്നത്.

നിലവിലുള്ള ഏഴ് തെറാപ്പിസ്റ്റുമാരിൽ രണ്ട് പേർ മാത്രമാണ് പുരുഷ ജീവനക്കാർ. ഇവരിൽ ഒരാൾ അവധിയിലായാൽ പോലും ചികിത്സാ ക്രമീകരണങ്ങൾ താളം തെറ്റുന്ന അവസ്ഥയാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികളുടെ ചികിത്സ പൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുന്നതായും പരാതിയുണ്ട്.

ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് മാത്രം രോഗികളെ പ്രവേശിപ്പിക്കുകയോ അല്ലെങ്കിൽ കൂടുതൽ തെറാപ്പിസ്റ്റുമാരെ അടിയന്തരമായി നിയമിക്കുകയോ ചെയ്യണമെന്നാണ് നിലവിൽ കിടത്തി ചികിത്സയിലുള്ള രോഗികളുടെ ആവശ്യം.

അതേസമയം, ഒഴിവുകൾ നികത്തുന്നതിനുള്ള നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

Malayala Manorama Online News reports that inpatient services at the Kozhikode District Ayurveda Hospital have been severely affected due to an acute shortage of therapists. Patients have filed an official complaint with the hospital superintendent demanding immediate recruitment to resolve the ongoing treatment delays.