കോഴിക്കോട്, കക്കയം അമ്പലക്കുന്ന് ആദിവാസി ഉന്നതിയിലെ കുടുംബങ്ങള്‍ മുന്നോട്ട് പോകുന്നത് പണി തീരാത്ത ലൈഫ് മിഷൻ വീടുകളിലെ ദുരിത ജീവിതത്തിലൂടെ. കരാറുകാരുടെ മെല്ലപ്പോക്ക് കാരണം ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച വീടുകളുടെ നിര്‍മാണം വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഇതോടെ ചോര്‍ന്നൊലിക്കുന്ന താല്‍ക്കാലിക ഷെഡ്ഡുകളിലും ടാര്‍പോളിന്‍ വലിച്ചുകെട്ടിയ കൂരകളിലുമാണ് നിരവധി കുടുംബങ്ങള്‍ കഴിയുന്നത്.

നാലുവര്‍ഷമായി ബിജുവും ഭാര്യയും രണ്ട് മക്കളും ടാര്‍പോളിന്‍ കെട്ടിയ താല്‍ക്കാലിക കൂരയിലാണ് താമസം. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച സ്വന്തം വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണെങ്കിലും പ്രവൃത്തികള്‍ ഇതുവരെ മുന്നോട്ടുപോയിട്ടില്ല. ഉന്നതിയിലെ മറ്റ് മൂന്ന് ലൈഫ് മിഷന്‍ വീടുകളുടെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഈ കുടുംബങ്ങളും താല്‍ക്കാലിക ഷെഡ്ഡുകളിലാണ് കഴിയുന്നത്.

നാല് വീടുകളുടെയും നിര്‍മാണച്ചുമതല ഒരേ കമ്പനിക്കാണ്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതേസമയം, ലൈഫ് പദ്ധതിയില്‍ വീടിന് അനുമതി ലഭിച്ച പല കുടുംബങ്ങളും നിലവിലുള്ളവരുടെ ദുരനുഭവം കണ്ട് പഴയ വീടുകള്‍ പൊളിച്ചുമാറ്റാനും മടിക്കുകയാണ്.

15 കുടുംബങ്ങള്‍ താമസിക്കുന്ന അമ്പലക്കുന്ന് ആദിവാസി ഉന്നതിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംബേദ്കര്‍ പദ്ധതിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. പദ്ധതിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്.

ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുകയും അംബേദ്കര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും വേണമെന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ ആവശ്യം. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയോടെ ദുരിത ജീവിതം തുടരുകയാണ് ഇവര്‍.

 

ENGLISH SUMMARY:

Incomplete Life Mission houses in Kakkayam, Kozhikode are causing immense hardship for tribal families, forcing them to live in temporary shelters for years due to contractor delays. These families are desperately awaiting the completion of their homes and the progress of development projects.