നിക്ഷേപതുക ലഭിക്കാത്തതിനാല്‍ വയോധികന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് വടകര കടത്തനാട് ലേബര്‍ സൊസൈറ്റിക്കെതിരെ പരാതികളുമായി കൂടുതല്‍പേര്‍ രംഗത്ത്. പയ്യോളി അയ്യനിക്കാട് സ്വദേശി അന്‍വര്‍ ഹുസൈനും മകള്‍ക്കും കിട്ടാനുള്ളത് 14 ലക്ഷത്തിലേറെ രൂപ. നിക്ഷേപിച്ച തുക തിരിക്കെ ചോദിച്ചപ്പോള്‍ സൊസൈറ്റി പ്രസിഡന്‍റ് മര്‍ദിച്ചതായും അന്‍വര്‍ ഹുസൈന്‍ ആരോപിച്ചു.
19 ലക്ഷം രൂപയാണ് അയ്യനിക്കാട് സ്വദേശി അന്‍വര്‍ ഹുസൈന്‍ കടത്തനാട് ലേബര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. അന്‍വര്‍ ഹുസൈന് ആരോഗ്യപ്രശ്നമുള്ളതില്‍ സ്ഥിരവരുമാനം എന്ന നിലയ്ക്കാണ് ഇത്രയും തുക നിക്ഷേപിക്കാന്‍ കാരണം. ലാഭവിഹിതം കിട്ടാതെ വന്നതോടെ പണം തിരിക്കെ ചോദിച്ചപ്പോള്‍ പല തവണകളായി അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കി. എന്നാല്‍ ബാക്കിയുള്ള പണത്തിനായി സൊസൈറ്റിയില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാള്‍ ഏറേയായിപൊലീസില്‍ പരാതി നല്‍കിയാല്‍ കേസ് നീണ്ടുപോവുമെന്നും പണം ലഭിക്കില്ലെന്നും പറഞ്ഞ് സൊസൈറ്റി അധികൃതര്‍ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് അന്‍വര്‍ ഹുസൈന്‍റെ മകള്‍ ആയിഷ ഫിദ ആരോപിച്ചു.
അന്‍വര്‍ ഹുസൈന്‍റെ ചികിത്സയ്ക്ക് വേണ്ടിയാണ് നിക്ഷേപ തുക തിരിക്കെ ആവശ്യപ്പെട്ടത്. പണം ലഭിക്കാത്തതിനാല്‍ ചികിത്സ മുടങ്ങുമോയെന്ന പേടിയിലാണ് കുടുംബം. പരാതിയുമായി മുന്നോട്ട് പോവാനാണ് അന്‍വര്‍ഹുസൈന്‍റെ തീരുമാനം.