ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശത്തിന് കോഴിക്കോട് നൈനാംവളപ്പില്‍ കിക്കോഫ്. നഗരത്തിന്‍റെ തെരുവോരങ്ങളിലെല്ലാം ഫ്ലെക്സുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ടീമുകളുടെ പേരില്‍ സൗഹൃദ വാതുവെപ്പും സജീവം.
കോതിയിലും നൈനാംവളപ്പിലുമെല്ലാം കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഇതൊരു സാംപിള്‍ മാത്രം. വരും ദിവസങ്ങളില്‍ കൊടിതോരണങ്ങളും, കൂറ്റന്‍ കട്ട് ഔട്ടുകളും കൊണ്ട് ഇവിടം നിറയും. തുടക്കത്തില്‍ അര്‍ജന്‍റീന ഫാന്‍സുകാര്‍ക്കാണ് മുന്‍തൂക്കം. കിരീടനേട്ടം ആവര്‍ത്തിക്കുമെന്ന് ഫാന്‍സിനുറപ്പ്. ബ്രസീല്‍, പോര്‍ച്ചുഗല്‍ ആരാധകരും കുറവല്ല.
നാട്ടിലെ പ്രധാന സംസാരവിഷയവും ലോകകപ്പ് തന്നെ. തല മൊട്ടയടിക്കുമെന്ന ബെറ്റാണ് കുട്ടികള്‍ക്കിടയില്‍ കൂടുതല്‍. മുതിര്‍ന്നവരും ആവേശത്തില്‍ പിന്നിലല്ല. ഭൂമിയുടെ അങ്ങേപ്പകുതിയില്‍ ലോകകപ്പ് ആരവമുയരുമ്പോള്‍ ഇവിടെ മലയാളികളും ബിഗ് സ്ക്രീനില്‍ മുഴുകും. അതുകൊണ്ട് തന്നെ ഇനി ഉറക്കമില്ലാത്ത രാത്രികളാണ് ഫുട്ബോള്‍ പ്രേമികള്‍ക്ക്.