കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സ്‌റേ മൊബൈല്‍ ഫോണില്‍. ഫിലീം തീര്‍ന്നതോടെയാണ് എക്സറേ ചിത്രം രോഗികളുടെ മൊബൈലില്‍ ഫോട്ടെയെടുത്ത് നല്‍കുന്നത്. ലക്ഷക്കണക്കിന് രൂപ കുടിശികയായതോടെയാണ് കമ്പനികള്‍ ഫിലിം വിതരണം നിര്‍ത്തിവച്ചത്. 

അപകടത്തില്‍പ്പെട്ട് പരുക്കേറ്റയാളെയും കൊണ്ടുവന്ന ഒരു ബന്ധുവിന്റ പ്രതികരണമാണിത്. എക്സറേ എടുക്കാന്‍ ചെന്നാല്‍ ആദ്യം ചോദിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടോയെന്നാണ്. ഇല്ലെന്ന് പറഞ്ഞാല്‍ ഫോണ്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് മടക്കിവിടും. ഉള്ളവര്‍ക്ക് എക്സറേ മെഷീനില്‍ പതിയുന്ന ചിത്രം മൈബൈലില്‍ ഫോട്ടോയെടുത്ത് നല്‍കും. ഇതുമായി വേണം ഡോക്ടറുടെ അടുത്ത് പോകാന്‍. അതായത്, മൊബൈല്‍ ക്യാമറയുടെ ക്ലാരിറ്റി അനുസരിച്ചിരിക്കും രോഗിയുടെ ഭാവിയെന്ന് ചുരുക്കം. 

​അഞ്ചുകമ്പനികളാണ് മെഡിക്കല്‍ കോളജിലേക്ക് എക്സറേ ഫിലിം വിതരണം ചെയ്യുന്നത്. ഇവര്‍ക്കെല്ലാം ലക്ഷങ്ങള്‍ കുടിശികയാണ്. ഇതോടെയാണ് കമ്പനികള്‍ ഫിലിം വിതരണം നിര്‍ത്തിവച്ചത് 

എക്സറേ ഷീറ്റ് നല്‍കുന്നില്ലെങ്കിലും രോഗികളില്‍ നിന്ന് 100 രൂപ വീതം ഈടാക്കുന്നുണ്ട്. കുടിശിക അടയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫിലിം എന്നുവരുമെന്ന് ഉറപ്പില്ല. വടക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജിലാണ് ഈ ഗതികേട്. 

ENGLISH SUMMARY:

Kozhikode Medical College is facing an X-ray film shortage, forcing patients to have their X-ray images taken on mobile phones. This critical issue arises due to outstanding payments to film suppliers, impacting patient care and diagnostics.