ചൂട് കടുത്തതോടെ കോഴിക്കോട്ടുകാര്‍ കിടന്നുറങ്ങുന്നത് കടലമ്മയുടെ മടിത്തട്ടിലാണ്. പലരും കുടുംബത്തോടെ പായയും തലയിണയുമായിട്ടാണ് കടപ്പുറത്തേയ്ക്കിറങ്ങുന്നത്. മടക്കയാത്രയാകട്ടെ അര്‍ധരാത്രിക്ക് ശേഷവും.
കടലമ്മയുമായൊരു ഗുസ്തി പിടുത്തത്തിന് ഒരുങ്ങുന്നതല്ല. ആശാന്‍ കാറ്റുകൊള്ളാനിറങ്ങിയതാണ്. എന്നിട്ടും ചൂട് ശമിച്ചില്ലെങ്കില്‍ പിന്നെന്തുചെയ്യാനാ. ചാടികുളിക്കുക തന്നെ. കുറച്ചൊന്ന് തണുത്തപ്പോ കുളിരുള്ള കാറ്റുകൊണ്ട് തിരയടിയുടെ ചെറുശബ്ദം കേട്ട് ബോട്ടുകളിലെ ചെറുവെളിച്ചത്തിലേയ്ക്ക് നോക്കി കുറച്ചുനേരമിരുന്നു. ആഹ്, എന്താ സുഖം. കരയാകെ വേനല്‍ചൂടിനോട് തെറ്റി കടലിനോട് കുശലാന്വേഷണം നടത്തുകയാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ പായയും തലയിണയും ഷീറ്റുകളും കൊണ്ടാണ് എത്തിയിരിക്കുന്നത്. രാത്രി 7 ആയാല്‍ കടലോരത്തെ ചൂട് പോകും. തുടര്‍ച്ചയായി കാറ്റ് വരുന്നതിനാല്‍ തീരം വേഗം തണുക്കും. സംഗതി കേട്ടറിഞ്ഞെത്തിയവരാണ് ഈ മാലോകരെല്ലാം. ഈ കാറ്റുകൊണ്ടിങ്ങനെ കിടന്നാല്‍ ഉറക്കം കണ്ണിലേയ്ക്ക് പാഞ്ഞുവരുമത്രേ. തൊട്ടപ്പുറത്ത് ഒരു കുടുംബമൊന്നാകെ കടലിലിറങ്ങി കുളിക്കുന്നു. ഈ ചൂടത്ത് മറ്റെന്ത് ചെയ്യാനാണ്.
ചൂടുകാലമേ ഇവിടെ വന്നാല്‍ നീ തോറ്റു നാണിച്ചുപോകുമെന്നുറപ്പ്. ഈ കാറ്റുകൊണ്ടിരിക്കുന്നതിന്‍റെ സുഖം എസിയില്‍ ഇരുന്നാല്‍ കിട്ടില്ലല്ലോ.