പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കും. ഇതിനായി ദ്രുതകര്‍മസേനയെ സജ്ജമാക്കി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനം.
പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രദേശത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടേക്കോ പുറത്തേക്കോ കോഴികളെയും മറ്റും കൊണ്ടുപോകരുത്. കൂടാതെ ദ്രുതകര്‍മസേനയുടെ സഹായത്തോടെ പക്ഷികളെ കൊന്നൊടുക്കും. ഒപ്പം മുട്ട, തീറ്റ എന്നിവയും നശിപ്പിക്കും.
നിലവില്‍ മനുഷ്യരിലേക്ക് അസുഖം പടര്‍ന്നിട്ടില്ല. എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറയുന്നു. ഏവിയന്‍സ് ഇന്‍ഫ്ലുവന്‍സ എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നു. ഇതിന് മുന്‍പ് 2024ലും ജില്ലയിലെ ചെറുവണ്ണൂര്‍ ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പക്ഷികളെ കൊല്ലുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.