കോഴിക്കോട് നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി പുതിയ പൈപ്പിടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്. ജല അതോറിറ്റിയും കോര്‍പറേഷനും ബദല്‍സംവിധാനം ഒരുക്കാതായതോടെ വെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. 

മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നാലുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പൈപ്പിടുന്നത്.   ഇതിനായി നടക്കാവ് മുതല്‍ മാവൂര്‍ റോഡ് വരെയുള്ള ഭാഗത്തെ കുടിവെള്ള വിതരണം ഒരാഴ്ച മുമ്പ് നിര്‍ത്തി.അധികം വൈകാതെ പണി പൂര്‍ത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു ജലഅതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പുതിയപൈപ്പ് തന്നെ പലയിടത്തും പൊട്ടിയതോടെ പണി നീണ്ടു, 

ക്രിസ്ത്യന്‍ കോളജ് ജംക്ഷന്‍, കാട്ടുവയല്‍ പ്രദേശത്താണ് ഒട്ടും വെള്ളമില്ലാത്തത്. ജലവിതരണം നിലച്ചതോടെ  ഹോസ്റ്റുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. വെള്ളം മുടങ്ങുമെന്ന ജലഅതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചത് വളരെ വൈകിയാണെന്നും ആരോപണമുണ്ട്. പൊതുമരാമത്ത് വകുപ്പ്  കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയാണ് പൈപ്പിടുന്നത്.