കോഴിക്കോട് നഗരഹൃദയത്തിലെ കനോലി കനാലിന്‍റെ രൂപം മാറുന്നു. ഒന്നാംഘട്ട വികസനപ്രവൃത്തിക്കായി 73.21 കോടി രൂപ കിഫ്ബി അനുവദിച്ചു. കനാല്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് നവീകരണം.
ജലഗതാഗതം വഴിയുള്ള ചരക്കുനീക്കത്തില്‍ പ്രധാനപങ്ക് വഹിച്ചിരുന്നു ഒരുകാലത്ത് കനോലി കനാല്‍. പിന്നീട് പതിയെ കനാല്‍ മലിനീകരിക്കപ്പെട്ടു. ലോകോത്തരനിലവാരത്തിലേക്ക് കനാലിനെ പുനരുജ്ജീവിപ്പിക്കുന്നതാണ് പുതിയ പദ്ധതി. അരയിടത്തുപാലം മുതല്‍ എരഞ്ഞിപ്പാലം വരെയുള്ള 2.9 കിലോമീറ്റര്‍ ഭാഗമാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. 14 മീറ്റര്‍ വീതിയിലും 2.2 മീറ്റര്‍ ആഴത്തിലുമാണ് നവീകരണം.
കേരളാ വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് നവീകരണം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചെറിയ ബോട്ടുകള്‍ക്കും ബാര്‍ജുകള്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. അതോടെ വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പായിമാറും കനാല്‍ സിറ്റി പദ്ധതി.