വര്‍ഷങ്ങളായി രണ്ടറ്റവും മുട്ടാതെ കിടന്ന കോഴിക്കോട് പാവങ്ങാട്ടെ റെയില്‍വേ മേല്‍പ്പാലത്തിന് ശാപമോക്ഷമാകുന്നു. സ്ഥലം ഏറ്റെടുക്കാന്‍ വൈകിയത് കാരണം നിര്‍മാണം നടക്കാത്ത അപ്രോച്ച് റോഡുകളുടെ പണി വെള്ളിയാഴ്ച തുടങ്ങും. പാലം യാഥാര്‍ഥ്യമാകാതായതോടെ നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് കോടി രൂപ ചിലവഴിച്ചാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ പാലം പണി പൂര്‍ത്തീകരിച്ചു. അന്ന് പക്ഷെ പാലത്തിന്‍റെ അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുത്തിരുന്നില്ല. പിന്നീട് നിയമ നടപടികള്‍ക്ക് ഒടുവില്‍ 36 പേരില്‍ നിന്നായി 49 സെന്‍റ് സ്ഥലം ഏറ്റെടുത്താണ് പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നത്.
കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 13.76 കോടിയാണ് സ്ഥലം ഏറ്റെടുപ്പിനും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുമായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എലത്തൂര്‍, കോഴിക്കോട് മണ്ഡലങ്ങളുടെ അതിര്‍ത്തിയിലാണ് പാലം.