കോഴിക്കോട് തൊട്ടില്‍പ്പാലം മലയോരമേഖലയുടെ രാത്രികാല യാത്ര കൂടുതല്‍ ദുഷ്ക്കരമാക്കി കെഎസ്ആര്‍ടിസി. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഏക സര്‍വീസ് നിര്‍ത്തിയതോടെയാണ് യാത്രക്കാര്‍ പെരുവഴിയിലായത്.
തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏക സര്‍വീസ്. അതാണ് ഏറ്റവും ഒടുവില്‍ നിര്‍ത്തിയത്. ഇതോടെ മലയോര മേഖലയിലെ ദീര്‍ഘദൂരയാത്ര പ്രതിസന്ധി ഇരട്ടിച്ചു. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് രാത്രി 7.30ന് എടുത്താല്‍ പുലര്‍ച്ചേയോടെ തിരുവനന്തപുരത്ത് എത്തുമായിരുന്ന സര്‍വീസ് ആര്‍സിസിയിലേക്ക് പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് അടക്കം ആശ്വാസമായിരുന്നു.
സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ വന്നതോടെ ഡ്യൂട്ടി പരിഷ്കരിച്ചതാണ് സര്‍വീസ് നിര്‍ത്തിയതിന്‍റെ കാരണമായി പറയുന്നത്. ബെംഗളൂരുവിലേക്കുള്ള സര്‍വീസ് നിര്‍ത്തിയിട്ട് നാളുകളേറെയായി. വയനാട്ടിലേക്കുള്ള ബസുകള്‍ വഴിയില്‍ കേടാവുന്നതും പതിവാണ്.
കോഴിക്കോട് നിന്നുള്ള രാത്രികാല ചെയിന്‍ സര്‍വീസും ഇതിനൊപ്പം കുറച്ചിട്ടുണ്ട്. സര്‍വീസുകള്‍ പുനരാരംഭിച്ച് യാത്രാദുരിതം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഡിപ്പോയിലേയ്ക്ക് മാര്‍ച്ച് നടത്തി.