കോഴിക്കോട് ആനക്കാംപൊയില്‍–മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാറ തുരക്കല്‍ ജനുവരിയില്‍ തുടങ്ങും. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പ്രവൃത്തി വിലയിരുത്തി.
മറിപ്പുഴയ്ക്ക് കുറുകെയുള്ള താല്‍കാലിക പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ പാറ തുരക്കല്‍ പ്രവൃത്തി ആരംഭിക്കാനാവൂ. സ്റ്റീല്‍ പാലം നിര്‍മിച്ചുകഴിഞ്ഞാല്‍ കൂറ്റന്‍ യന്ത്രങ്ങള്‍ തുരങ്കമുഖത്തേക്ക് എത്തിക്കാം. ഇതോടെ ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുരങ്കപാതയുടെ കോഴിക്കോട് ജില്ലയിലെ തുടക്കമായ മറിപ്പുഴ സന്ദര്‍ശിച്ചു. പാറ തുരക്കല്‍ ആരംഭിച്ചാല്‍ 24 മണിക്കൂറും പ്രവൃത്തി നടക്കും. തൊഴിലാളികള്‍ക്ക് ക്യാമ്പുകള്‍ സജ്ജീകരിക്കുന്ന സ്ഥലം, ക്രഷര്‍ യൂണിറ്റ്, ഡമ്പിങ് യൂണിറ്റ് എന്നിവയും കല്കടര്‍ സന്ദര്‍ശിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രിയാണ് നിര്‍വഹിച്ചത്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.