marine-ambulance

TOPICS COVERED

കോഴിക്കോട് ബേപ്പൂരിലെ കാരുണ്യ മറൈന്‍ ആംബുലന്‍സ് അത്യാസന്ന നിലയില്‍. ഫിറ്റ്നസ് തീര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി പോകേണ്ട ആംബുലന്‍സ് കഴിഞ്ഞ ഒരുമാസമായി തീരത്ത് നോക്കുകുത്തിയാണ്.  

മലബാര്‍ തീരത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി കടലിലേക്കിറക്കിയ മറൈന്‍ ആംബുലന്‍സാണ് ഒരുമാസമായി നിശ്ചലമായിക്കിടക്കുന്നത്. കടലിലേക്ക് പോകുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ കരയിലിരുന്ന് ചികിത്സിക്കേണ്ട സ്ഥിതിയാണിപ്പോള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ മര്‍ക്കന്‍റൈല്‍ മറൈന്‍ വിഭാഗമാണ് സര്‍വേ നടത്തി ആംബുലന്‍സിന്‍റെ ഫിറ്റ്നസ് നല്‍കേണ്ടത്. ഇതിനായി കരാറെടുത്ത കൊച്ചിയിലെ സ്വകാര്യ കമ്പനി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. 

2021ലാണ് ആറുകോടി രൂപ ചെലവില്‍ നിര്‍മിച്ച ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. ഒരേസമയം പത്തു പേരെ കിടത്തിചികിത്സിക്കാനുളള സൗകര്യവും ഉപകരണങ്ങളും ഇതിലുണ്ട്. ആംബുലന്‍സില്‍ ക്യാപ്റ്റന്‍, എന്‍ജിനീയര്‍ രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. ആംബുലന്‍സ് സേവനം നിലച്ചതോടെ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കേണ്ട ചുമതലയും പാവം മല്‍സ്യ തൊഴിലാളികളുടെ തലയിലായി. 

ENGLISH SUMMARY:

Marine Ambulance Kozhikode services are disrupted due to expired fitness certification. This situation leaves fishermen vulnerable, emphasizing the urgent need for renewed services to ensure maritime safety.