സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്‍റെ പ്രകടനപത്രിക. യൂത്ത് വൈബിന്‍റെ നഗരമാക്കി കോഴിക്കോടിനെ മാറ്റുന്നതിനൊപ്പം ലൈറ്റ് മെട്രോ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും യുഡിഎഫ് പ്രകടനപത്രിക ഉറപ്പു നല്‍കുന്നു. മുസ്ലിം ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പ്രകടനപത്രിക പുറത്തിറക്കി.
മലയാള മനോരമയുടെ ഹോര്‍ത്തൂസ് അടക്കമുള്ള ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ വന്‍ വിജയമാക്കുന്ന പാരമ്പര്യമാണ് കോഴിക്കോടിനുള്ളത്. ഇത്തരം കലാസാസ്ക്കാരിക സാഹിത്യ പരിപാടികള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് സമാനരീതിയില്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുമെന്ന യുഡിഎഫിന്‍റെ വാഗ്ദാനം. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സും ലാപ്ടോപ്പും സൈക്കിളും. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം. സാമൂതിരിയുടെ പേരില്‍ സാറ്റലൈറ്റ് സിറ്റി.
നഗരത്തിലെ വെള്ളക്കെട്ട്, പാളയം മാര്‍ക്കറ്റുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കല്ലായി പുഴയും കനോലി കനാലും നേരിടുന്ന പ്രതിസന്ധികള്‍ക്കും പരിഹാരം കാണും. എല്ലാ സ്കൂളുകളിലും അംഗന്വാടിയും ജിംനേഷ്യവും യോഗയും ഒരുക്കും. കോര്‍പ്പറേഷന്‍ പരിധിയിലെ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ സൗജന്യ ഉച്ചഭക്ഷണം ഒരുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. വിവാദവിഷയങ്ങള്‍ ഒഴിവാക്കി പ്രകടന പത്രിക കേന്ദ്രീകരിച്ച് പ്രചാരണം നടത്താനും ഡിസിസി, മണ്ഡലം കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.