കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളമില്ലാതെ നട്ടം തിരിഞ്ഞ് രോഗികളും കൂട്ടിരുപ്പുകാരും. പ്രിൻസിപ്പൽ ഓഫീസിന് സമീപത്തെ പൈപ്പ് ലൈൻ പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. വാർഡുകളിൽ നിന്ന് താഴെയെത്തി ടാങ്കറിലെത്തുന്ന വെള്ളം ശേഖരിച്ചാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കുന്നത്.
മെഡിക്കൽ കോളജിലെ പഴയ ക്യാഷ്വാലിറ്റിയിലേക്ക് എത്തിയാൽ കാണാം ബക്കറ്റുകളുമായി നിരന്നു നിൽക്കുന്നവരെ. രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ടാങ്കറിലെ വെള്ളം തീർന്നാൽ സമീപത്തെ പൈപ്പിൽ നിന്നും വെള്ളം ശേഖരിച്ചു വേണം മുകളിലത്തെ നിലയിലേക്ക് എത്തിക്കാൻ. ഇന്നലെ ഉച്ചയ്ക്ക് പ്രിൻസിപ്പൽ ഓഫീസിന് സമീപത്തെ പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ദുരിതം തുടങ്ങിയത്.
പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെങ്കിലും വേഗമില്ല. അതുകൊണ്ട് തന്നെ വെള്ളമില്ലാതെ വലയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതവും നീളുകയാണ്. ബക്കറ്റിൽ മാത്രമല്ല പ്ലാസ്റ്റിക് കുപ്പിയിൽ പോലും വെള്ളം ശേഖരിച്ച് മുകൾ നിലയിൽ എത്തിക്കുന്നതും കാണാം. വൈകിട്ടോടെ വെള്ളം വിതരണം പുനസ്ഥാപിക്കാൻ ആകുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.