കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്‌സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്.
സംഭവത്തിനു പിന്നിലെ കഥ പൊലീസ് പറയുന്നത് ഇങ്ങനെയാണ്– യുവതിയുടെ പിതാവ് കഴിഞ്ഞ ഏപ്രിലില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയിരുന്നു. ആ സമയത്ത് നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയിരുന്നു. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും യുവതിയുടെ ഫോണ്‍ നമ്പര്‍ നൗഷാദ് വാങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് ഡോക്ടറെന്ന പേരില്‍ യുവതിക്ക് സന്ദേശമയച്ചു. വിവാഹ വാഗ്ദാനത്തിനു പിന്നാലെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തു. 40,000 രൂപയും ഇതിനിടെ യുവതിയില്‍ നിന്നും ഇയാള്‍ വാങ്ങിച്ചു.
പിന്നീട് ഇവര്‍ക്കിടെയില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. പിജി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും മുന്‍പില്‍വച്ചായിരുന്നു യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. സംഗതിയെന്തെന്ന് മനസിലാകാതെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നിലെ ആള്‍മാറാട്ടക്കഥ പുറത്തുവരുന്നത്. പിന്നാലെ നൗഷാദിനെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.