കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടി മുക്കം നഗരസഭയില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കര്‍ഷക കൂട്ടായ്മ. അഞ്ച് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടത് ഭരണസമിതിയെ പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാരും കര്‍ഷക കൂട്ടായ്മക്കൊപ്പം സ്ഥാനാര്‍ഥികളായുണ്ട്.
നഗരസഭയുടെ ഭൂരിഭാഗവും കൃഷിഭൂമിയായ മുക്കത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പലതവണ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് മുന്നില്‍ റിലേ സമരം നടത്തി. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനം ഭരണസമിതി എടുത്തെങ്കിലും വേണ്ട വിധത്തില്‍ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചാണ് കര്‍ഷക കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്
മുക്കത്തെ ഇടത് ഭരണസമിതിയെ താങ്ങി നിര്‍ത്തിയ ലീഗ് വിമതന്‍ മജീദ് ബാബുവും മറ്റൊരു കൗണ്‍സിലര്‍ ബിന്നി മനോജ് മുത്താലത്ത് അടക്കം അഞ്ച് സ്ഥാനാര്‍ഥികളെയാണ് കര്‍ഷക കൂട്ടായ്മ പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ലേബലില്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നാണ് ഇടത് മുന്നണിയുടെ ആരോപണം.
നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്ക് പുറമെ കര്‍ഷകരുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ഥികളെ മുന്നണി നോക്കാതെ പിന്തുണയ്ക്കുമെന്നാണ് മുക്കത്തെ കര്‍ഷക കൂട്ടായ്മയുടെ നിലപാട്.