കോഴിക്കോട് അമ്പായത്തോട് ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ സമരക്കാര്‍ അക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സമരക്കാര്‍ ഫാക്ടറിയില്‍ പ്രവേശിച്ചത്. പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ രാപ്പകൽ സമരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ പ്രതിഷേധക്കാർ ഫാക്ടറിക്ക് തീ വച്ചിരുന്നു. സംഘര്‍ഷത്തില്‍ 321 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി.മെഹ്റൂഫ് ഒന്നാംപ്രതി. ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് മെഹ്റൂഫ്. മാലിന്യ പ്ലാന്‍റിന് തീയിട്ടതില്‍ 30 പേര്‍ക്കെതിരെയാണ് കേസ്. അതേസമയം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചു വിവിധ തദ്ദേശ സ്ഥാപങ്ങളിൽ ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും ഡിഐജി പറഞ്ഞു.
ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിലെ സംഘർഷത്തിന്റെ ചിത്രം ഒറ്റനോട്ടത്തില്‍: രാവിലെ പത്തു മണിക്ക് രാപ്പകൽ സമരം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ പേർ സമര രംഗത്ത്. രാവിലെ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമം. പ്രതിഷേധക്കാർ റോഡ് തടസം ഒഴിവാക്കി സ്വകാര്യ പറമ്പിലേക്ക് മാറിയതോടെ സംഘർഷാവസ്ഥക്ക് അയവ്. ഭക്ഷണം പാകം ചെയ്ത് സമരക്കാർ അവിടെ തന്നെ നിലയുറപ്പിച്ചു. മൂന്നരയോടെ സമരക്കാർ വീണ്ടും ഒരുമിച്ചു കൂടി. ഫാക്ടറിയിലേക്ക് വന്ന അറവു മാലിന്യ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. വാഹനത്തിന് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസ്‌പ്രയോഗിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തളർന്നു വീണവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് റൂറൽ എസ്പി കെ ഇ ബൈജു സ്ഥലത്തെത്തിയത്.
ആംബുലൻസിൽ നിന്നുള്ള സ്ട്രക്ച്ചർ ഉൾപ്പടെ ഉപയോഗിച്ച് എസ്പി പ്രതിഷേധക്കാരെ തള്ളി നീക്കി. ഇതോടെ റബ്ബർ തോട്ടത്തിൽ കൂടി നിന്ന ഒരുവിഭാഗം സമരക്കാർ പൊലീസിന് നേരെ വീണ്ടും കല്ലെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി ചാർജ്, ടിയർ ഗ്യാസ്, ഗ്രനേഡ് പ്രയോഗിച്ചു . കല്ലേറിലും സംഘർഷത്തിലും റൂറൽ എസ്പി ക്കും പോലീസുകാർക്കും പരുക്ക്. ലാത്തി ചാർജിൽ ചിതറി ഓടിയ സമരക്കാരിൽ ഒരു വിഭാഗം പിന്നിലൂടെ ഫാക്ടറിയിൽ വന്നു തീ വച്ചു. മാലിന്യം ശേഖരിക്കുന്ന അഞ്ച് കണ്ടൈനർ വാനും നാല് ബൈക്ക് ഒരു ഓട്ടോ എന്നിവ കത്തി നശിച്ചു. അഗ്നി ശമനസേന എത്തിയെങ്കിലും സമരക്കാർ വഴിയിൽ തടഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത് .