സ്നേഹനിധിയായ ടീച്ചറെ പിരിയാനാകാതെ കണ്ണൂർ മട്ടന്നൂർ പനമ്പട്ട യുപി സ്കൂളിലെ കുഞ്ഞുമക്കൾ. ഗീത ടീച്ചർ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറിപ്പോയതാണ് കുട്ടികളെ ദുഃഖത്തിൽ ആക്കിയത്. ടീച്ചർ പിരിഞ്ഞു പോകുന്ന ദിവസത്തെ ദൃശ്യം വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചതോടെ കുട്ടികളെ കാണാൻ ഗീത ടീച്ചർ വീണ്ടും അതേ സ്കൂളിൽ എത്തി.
പുതിയ സ്കൂളും പുതിയ കുട്ടികളും പുതിയ ചുറ്റുപാടുമായി മുന്നോട്ടുപോകുമ്പോൾ തന്റെ മക്കളെ ഒരിക്കൽ കൂടി കാണാൻ ടീച്ചർ വീണ്ടും പനമ്പട്ട സ്കൂളിലേക്കെത്തി. പഴയപോലെ ക്ലാസ്സിൽ ടീച്ചർ കഥകൾ പറഞ്ഞു. സ്നേഹം നൽകിയാൽ സ്നേഹം തിരിച്ചു കിട്ടും. ടീച്ചർ നൽകുന്ന പാഠം അതാണ് . പിരിയാൻ ആകാത്തത്ര ബന്ധമായിരുന്നു ആ സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തിയത്
കുട്ടികൾക്ക് മാത്രമല്ല സ്കൂളിനും മുതൽക്കൂട്ടായിരുന്നു ടീച്ചർ. മക്കളെ കാണാൻ വന്ന ടീച്ചർ വീണ്ടും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മാതൃസ്പർശമായി ടീച്ചർ മക്കളെ ആശ്വസിപ്പിച്ചു.