കോഴിക്കോട് വടകര എടോടിയില്‍ കടകളുടെ ഓടിളക്കി മോഷണം നടത്തിയ പ്രതി പിടിയില്‍. മലപ്പുറം പളളിക്കല്‍ സ്വദേശി പ്രണവിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷം രൂപയുടെ ആറ് മൊബൈല്‍ ഫോണും പണവുമാണ് പ്രതി മോഷ്ടിച്ചത്.
ഈ മാസം ഒന്നിന് പുലര്‍ച്ചെയായിരുന്നു മോഷണം.മൊബൈല്‍ കട കൂടാതെ തുണിക്കടയിലും ബുക്ക് സ്റ്റോളിലും മോഷണം നടന്നു. മൊബൈല്‍ കടയില്‍ നിന്ന് 2 ലക്ഷം രൂപ വരുന്ന ആറ് പുതിയ ഫോണുകളും മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, തുണി കടയില്‍ നിന്ന് 1700 രൂപയും തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന ബുക്ക് സ്റ്റാളില്‍ നിന്ന് 1500 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. തെളിവുണ്ടാകാതിരിക്കാന്‍ കടയിലെ സി സി ടി വിയി വിച്ഛേദിച്ചായിരുന്നു മോഷണം. എന്നാല്‍ അതിന് മുന്‍പുള്ള ദൃശ്യത്തില്‍ കള്ളന്‍റെ മുഖം തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ മാഹിയില്‍ നിന്ന് പൊലീസ് പിടികൂടിയത് . പ്രതിയെ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.