ഭൂമി വാസയോഗ്യമല്ലാത്തതു കാരണം 5 വര്‍ഷം മുന്‍പ് മരുതോങ്കര പഞ്ചായത്ത് ഒഴിപ്പിച്ച അതെ വീട്ടിലേക്ക്, വാടക കൊടുക്കാനില്ലാത്തതിനാല്‍ മടങ്ങിയെത്തിയിരിക്കുകയാണ് കോഴിക്കോട് പശുക്കടവിലെ തോമസും കുടുംബവും. ഒഴിപ്പിച്ച ഉല്‍സാഹം ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പഞ്ചായത്തും സര്‍ക്കാരും കാണിച്ചില്ല. റവന്യു മന്ത്രിക്കടക്കം പരാതി കൊടുത്തിട്ടും സഹായം ലഭിച്ചില്ലെന്ന് തോമസ് മനോരമ ന്യുസിനോട് പറഞ്ഞു.
പാറ അടുക്കി തോമസ് ഒറ്റയ്ക്ക് കെട്ടിപ്പൊക്കിയത് ജീവിതമാണ്. കുടുംബത്തിന്‍റെ ജീവന്‍ കൈവിട്ടുപോകാതെയിരിക്കുനുള്ള കല്ലുവേലിയാണ്. മണ്ണ് ഇടിയാതിരിക്കാനുള്ള പ്രതിരോധം. എത്ര നാള്‍ ഇങ്ങനെ തുടരും. അധികം മുന്നോട്ടു പോവില്ലെന്ന് തോമസിനും ഭാര്യ ഷാന്‍റിക്കും മക്കള്‍ക്കും അറിയാം. വഴി ഇല്ലാത്തവരുടെ, ജീവിക്കാന്‍ ഇടമില്ലാത്തവരുടെ പോരാട്ടമാണിത്, മഴ തോരുന്നില്ല. വീടിന്‍റെ പിന്നില്‍ മണ്ണിടിഞ്ഞ് തുടങ്ങി. ഇതില്‍ പരം അപായ കാഹളമില്ല.
പശുക്കടവിലെ വീട് നില്‍ക്കുന്ന മണ്ണിന് ബലമില്ലാത്തത് തോമസിന്‍റെ പ്രശ്നം കൊണ്ടല്ല. അതു കാരണം അവര്‍ക്ക് നല്ലൊരു വീട് നിഷേധിക്കുന്നത് അധികാരികളുടെ പ്രശ്നവുമാണ് മക്കളും കൊച്ചുമക്കളുമായി 9 പേരുണ്ട് ഈ വീട്ടില്‍. പാറകെട്ടി ഒരു 66 കാരന്‍ എത്ര നാള്‍ ഇങ്ങനെ കാവലാവും.ഉത്തരം വേണം.