കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന്‍ കുഴിയില്‍ വീണ് മരിച്ചതില്‍ നിര്‍മാണകമ്പനിക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. എല്ലാവിധ മുന്‍കരുതലോടുകൂടിയാണ് നിര്‍മാണം നടന്നിരുന്നതെന്നും അതോറിറ്റി, പി.ഡബ്ല്യൂ.ഡി എന്‍.എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജീനര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് ചേവരമ്പലം പനാത്തുതാഴം റോഡിലെ കുഴിയില്‍ വീണാണ് വേങ്ങേരി സ്വദേശി രഞ്ജിത്ത് മരിക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്ന് അന്ന് മനോരമ ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
ബാരിക്കേഡുകള്‍, ദിശ ബോര്‍ഡുകള്‍, മുന്‍കരുതല്‍ സൈനുകള്‍, ട്രാഫിക് സിഗ്നലുകള്‍ ദേശീയപാതയിലും ക്രോസ് റോഡിലും വച്ചിരുന്നു. മാത്രമല്ല സുരക്ഷ മുന്‍നിര്‍ത്തി ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങളുടെ വേഗതയും നിജപ്പെടുത്തിയിരുന്നു എന്നൊക്കെയാണ് ശീയപാത അതോറിറ്റി അന്വേഷണ റിപ്പോര്‍ട്ടിലെ വിശദീകരണം. ദേശീയപാതക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് അന്നത്തെ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും മനസിലാകും.
കരാര്‍ ഏറ്റെടുത്ത കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍സിനെ രക്ഷിക്കാനാണ് ദേശീയപാതക്കാരുടെ ശ്രമമെന്ന് വ്യക്തം. സംഭവത്തില്‍ കേസെടുത്ത പൊലീസ് കരാര്‍ കമ്പനിയിലെ മൂന്നുപേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.