കോഴിക്കോട് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനോ താമസിക്കാനോ സൗകര്യമില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കോട്ടേജുകളും റസ്റ്റോറന്റും രണ്ടുവര്‍ഷമായി തുറന്നുകൊടുത്തില്ല. സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള സൗകര്യമാണ് ഇതോടെ നിഷേധിക്കപ്പെടുന്നത്.
സംസ്ഥാന ടൂറിസം വകുപ്പാണ് ലക്ഷങ്ങള്‍ ചെലവിട്ട് നാല് കോട്ടേജുകളും റെസ്റ്റോറന്‍റും കോണ്‍ഫറന്‍സ് ഹാളും പണിതത്. നിര്‍മാണത്തിനുശേഷം സ്ഥാപനങ്ങള്‍ ഡിടിപിസിക്ക് കൈമാറി. എന്നാല്‍ സ്ഥാപനങ്ങളുടെ നടത്തിപ്പ് കരാറുടെത്തവര്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചുപോയി.
പിന്നീട് റീ ടെന്‍ഡര്‍ ചെയ്ത് ഒരാള്‍ എടുത്തെങ്കിലും കെട്ടിടം തുറന്നില്ല. കഴിഞ്ഞദിസം വീണ്ടും ടെണ്ടര്‍ വിളിച്ചെങ്കിലും ആരും വന്നില്ല.ഉയര്‍ന്ന തുക കാരണമാണ് കരാറെടുക്കാന്‍ ആരും വരാത്തതെന്നാണ് വിമര്‍ശനം. ആരും വരുന്നില്ലെങ്കില്‍ കുടംബശ്രീയുണിറ്റുകളെയോ കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനെയോ എല്‍പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.