കോഴിക്കോട് പെരുവണ്ണാമൂഴി മുതുക്കാടില്‍ പുലിയിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ഒരാഴ്ചക്കിടെ ആറ് വളര്‍ത്തുനായ്ക്കളെയും ഒരു ആടിനെയുമാണ് പുലി പിടികൂടിയത്. വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പെട്ടെന്ന് ഒരുദിവസമാണ് പ്രദേശത്തെ തെരുവുനായ്ക്കളെ കൂട്ടത്തോടെ കാണാതെയായത്. അടുത്തദിവസം തിരുമംഗലത്ത് കുന്നുമ്മല്‍ നിഷയുടെ വീട്ടിലെ വളര്‍ത്തുനായയെയും പുലി പിടികൂടി. ഇത് നിഷ കണ്ടതോടെയാണ് പുലിയിറങ്ങിയത് നാട്ടുകാര്‍ അറിഞ്ഞത്. കഴിഞ്ഞദിവസം വനംവകുപ്പ് കാല്‍പാടുകള്‍ പരിശോധിച്ച് പുലിയാണെന്ന് സ്ഥികരീച്ചിരുന്നു.
പുലിയിറങ്ങാന്‍ സാധ്യതയുള്ള മൂന്നിടങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ വനംവകുപ്പ് അഴിച്ചുമാറ്റി. പുലി വയനാട് ഭാഗത്തേക്ക് പുഴ നീന്തി പോവുന്നത് കണ്ടെന്ന് ആരോപിച്ചാണിത്. പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശമാണിത്.