കനത്തമഴ തുടരുമ്പോള്‍ പൊളിഞ്ഞു വീഴാറായ മേല്‍ക്കൂരയ്ക്ക് കീഴില്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് കോഴിക്കോട്ടെ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍. നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. പുതിയതായി പണിത കെട്ടിടം മൂന്നുവര്‍ഷമായി തുറന്നുകൊടുക്കാതെ കിടക്കുമ്പോഴാണ് ജീവനക്കാരുടെ ഈ ഗതികേട്.
കഴുക്കോലും ഓടുകളും തമ്മില്‍ ഏതോ കാലത്ത് തുടങ്ങിയ അകല്‍ച്ചയാണ്. ഒരു അഡ് ജസ്റ്റുമെന്റില്‍ അങ്ങ് പോകുന്നുവെന്ന് മാത്രം. ഓടുതകര്‍ന്നിടത്തോട്ട് നോക്കാത്തിരിക്കുന്നതാണ് ഭേദം. ടാര്‍പായ വലിച്ചുകെട്ടി നാണം മറയ്ക്കാനുള്ള ശ്രമത്തിലാണ്. വാതിലും കട്ടിളയും തമ്മില്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാത്ത രീതിയിലാണ് നില്‍പ്. ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ച് ശ്രമിച്ച് സിമന്‍റ്പോലും അടർന്ന് വീണു. ഇനിയൊന്നും താങ്ങാന്‍ പറ്റില്ലെന്ന് രീതിയിലാണ് പൊളിഞ്ഞ് തുടങ്ങിയ ചുമരുകള്‍. ഈര്‍പ്പം പിടിച്ച ഫയലുകള്‍ ശരിക്കും ഇപ്പോഴാണ് ജീവിതം മണക്കുന്ന ഫയലുകളായത്. എല്ലാറ്റിനും നടുവില്‍ ജോലിക്കാരായി അന്‍പതോളം പേര്‍. പിന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും എത്തുന്ന 100 കണക്കിന് ആളുകള്‍.
ദാരിദ്ര്യം കൊണ്ടാണങ്കില്‍ സമ്മതിക്കാം. സ്വന്തമായി മൂന്നുനില കെട്ടിടം പിന്നില്‍ പണിതിട്ടിട്ടാണ് ഈ അല്‍പത്തരമെന്ന് ആലോചിക്കണം. ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിതിട്ട് മൂന്നുവര്‍ഷമായി. കോർപറേഷനില്‍ നിന്ന് കെട്ടിട നമ്പർ കിട്ടാത്തതുകൊണ്ട് പുതിയ കെട്ടിടത്തിലേക്ക് മാറാനായിട്ടില്ല. അധികാരികള്‍ ഒന്ന് മനസുവെച്ചാല്‍ മിനിട്ടുകള്‍കൊണ്ട് നമ്പര്‍ കൊടുക്കാവുന്നതേയുള്ളു. വീഴാറായ കെട്ടിടത്തില്‍ എത്രകാലം ഇവരിങ്ങനെ പേടിയോടെ കഴിയണമെന്ന് അധികാരികള്‍ തീരുമാനിച്ചാല്‍ നന്ന്.