പതിമൂന്ന് വര്‍ഷത്തിനിടെ ആറുതവണ ഇറിഗേഷൻ വകുപ്പ് കരാര്‍ വിളിച്ചിട്ടും കല്ലായിപ്പുഴയുടെ ആഴംകൂട്ടൽ പദ്ധതി ഇപ്പോഴും കടലാസ്സില്‍. പുഴയിലെ ചെളി നീക്കി കടലിൽ തള്ളാൻ ആയിരുന്നു പദ്ധതി. ഏറ്റവും ഒടുവിൽ 13. 5 കോടി രൂപ ആയി ടെൻഡർ തുക ഉയർത്തിയതോടെ സ്വപ്നപദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.
കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി. പക്ഷേ കല്ലായിപ്പുഴയിലെ ചെളി നീക്കംചെയ്യാനും ആഴംകൂട്ടി ഒഴുക്ക് വർദ്ധിപ്പിക്കാനുമുള്ള പ്രവൃത്തികൾ വർഷങ്ങളായി സാങ്കേതിക പ്രശ്നത്തിൽപെട്ട് വൈകുകയാണ്. നേരത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും ചെലവിൽ വലിയ വർദ്ധനവ് വന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.
പ്രവൃത്തിക്കായി നിലവിൽ 7.9 കോടി രൂപ ഇറിഗേഷൻ വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അധികമായി കോർപ്പറേഷൻ 5,07,70446 കോടി രൂപ കൂടി അനുവദിക്കാൻ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് കോര്‍പ്പറേഷന്‍.
ജലസേചനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കല്ലായിപ്പുഴയിൽ മാങ്കാവ് കടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കുന്നതാണ് പദ്ധതി. കല്ലായിപ്പുഴ ശുചീകരണത്തോടെ പുഴയോരത്തെയും നഗരത്തിലെയും വെള്ളക്കെട്ടുകൾക്ക് വലിയ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.