ശമ്പളം പിടിച്ചുവെച്ചതിനെ തുടര്‍ന്ന് പട്ടിണിയിലായ കോഴിക്കോട് ബേപ്പൂര്‍ കെഎസ്ഇബി ഓഫീസിലെ കരാര്‍ ഡ്രൈവറുടെ ദുരവസ്ഥയെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. സ്വമേധയാ കേസെടുത്ത കമ്മീഷന്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഡ്രൈവര്‍ പ്രജിത്ത് കുമാറിന്‍റെ ദുരവസ്ഥ മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നത്.
നാല് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പട്ടിണിയിലായ പ്രജിത്തിന്‍റെയും കുടുംബത്തിന്‍റെയും ദുരവസ്ഥ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കണ്ടില്ല. പിന്നാലെയാണ് വാര്‍ത്ത മനോരമ ന്യൂസ് പുറത്തുവിട്ടത്. എന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. പക്ഷേ, മനുഷ്യാവകാശ കമ്മീഷന്‍ നോക്കിനിന്നില്ല. കെഎസ്ഇബി കല്ലായി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. ജൂണ്‍ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുകയും ചെയ്യും. അതേസമയം, ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയിട്ട ഡ്രൈവര്‍ പ്രജിത്ത് കുമാറിനെ പിരിച്ചുവിടാനുള്ള നീക്കം നടക്കുകയാണ് അണിയറയില്‍. ബേപ്പൂര്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് മേലുദ്യോഗസ്ഥര്‍ക്ക് ഡ്രൈവറെ ജോലിയ്ക്ക് കിട്ടുന്നില്ലെന്ന് കാട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഫറോക്ക് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് പ്രജിത്തും മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയേ നടപടിയെടുക്കാവൂ എന്നാണ് പ്രജിത്തിന്‍റെ ആവശ്യം.
പന്ത്രണ്ട് വര്‍ഷമായി ബേപ്പൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രജിത്ത് 1500 കി.മീ പരിധി കടന്നതിനെ തുടര്‍ന്ന് നഷ്ടം സഹിക്കാനാവാതെ വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശമ്പളം പിടിച്ചുവെയ്ക്കാന്‍ തുടങ്ങിയത്.