കാസര്‍കോട് പീലിക്കോട് കൊടക്കാട് ഓലാട്ട് ശ്രീ കരിഞ്ചാമുണ്ഡി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി  യക്ഷിതെയ്യമായ കരിഞ്ചാമുണ്ഡി കെട്ടിയാടി.കളിയാട്ടത്തിന്റെ രണ്ടാം നാളിൽ കെട്ടിയാടിയ ഉഗ്രമൂർത്തിയായ കരിഞ്ചാമുണ്ഡിയെ തൊഴുതുവണങ്ങാൻ അനവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

ഉഗ്ര സ്വരൂപണിയായ യക്ഷി തെയ്യമാണ് കരിഞ്ചാമുണ്ഡി.കുരുത്തോല കൊണ്ടുള്ള ഉടയാടയും കരിതേച്ച മുഖവും വെള്ളപ്പുള്ളി മുഖത്തെഴുത്തും കിരീടവുമാണ് ചമയങ്ങൾ. ആരിലും ഭീതി പടർത്തുന്ന രൂപഭാവങ്ങളോടെ തെയ്യം അരങ്ങിൽ ഉറഞ്ഞാടി. 

വയറ്റാട്ടിയായി എത്തി ഭാര്യയുടെ വയറു കീറി രക്തം കുടിച്ച യക്ഷിയെ, ആലിമാപ്പിള ഉലക്ക കൊണ്ട് അടിച്ച് നടുവൊടിച്ചു എന്നാണ് കരിഞ്ചാമുണ്ഡിയുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളിൽ പറയുന്നത്. ഇത് അനുസ്മരിപ്പിക്കും വിധം ഓടി ഉരുണ്ടും ഇഴഞ്ഞുമാണ് തെയ്യം നടനമാടുന്നത്. 

ആലിയെ തേടി കാണികൾക്ക് നേരെ ഓടിയടുക്കുന്ന തെയ്യത്തിന്റെ നടനം വിസ്മയിപ്പിക്കുന്നതാണ്. പ്രതികാരദാഹിയായ യക്ഷി ആലിയെ നിഗ്രഹിച്ചിട്ടും കോപമടങ്ങാതെ നാട്ടിൽ ദുരിതങ്ങൾ വിതച്ചപ്പോൾ, കാവും സ്ഥാനവും നൽകി നാട്ടുകാർ ആരാധിച്ച് ശാന്തയാക്കി എന്നുമാണ് ഐതീഹ്യം. ഭക്തർക്ക് ശത്രുസംഹാരം നടത്തി ഉദ്ദിഷ്ടഫലങ്ങൾ കാട്ടി നൽകുന്ന ശക്തി സ്വരൂപിണിയായാണ് സങ്കൽപ്പിച്ച് ആരാധിച്ചു വരുന്നത്. കരിഞ്ചാമുണ്ടിയുടെ പ്രധാന ആരാധനാ സ്ഥാനങ്ങളിൽ ഒന്നായ

 കൊടക്കാട് ഓലാട്ട് ശ്രീ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തരാണ് അനുഗ്രഹം തേടിയെത്തിയത്.

ENGLISH SUMMARY:

Karinchamundi Theyyam is a fierce Yakshi deity ritual recently performed at the Olatt Sree Karinchamundi Temple in Kodakkad, Kasaragod. Hundreds of devotees gathered to witness the awe-inspiring Theyyam performance and seek the goddess's blessings.