മഞ്ചേശ്വരത്ത്  രാഗം ജങ്ഷൻ - ചൗക്കി പ്രദേശത്തെ റോഡ്, നിർമാണം പൂർത്തികരിച്ചു നാല് മാസത്തിന്നിപ്പുറം തകർന്നതായി ആരോപണം.  നിർമാണത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

97 ലക്ഷം രൂപ ചെലവഴിച്ചു... 1300 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചു. പക്ഷേ ആയുസ്സ് വെറും നാല് മാസം മാത്രം. മഞ്ചേശ്വരം രാഗം ജങ്ഷൻ–ചൗക്കി റോഡിലെ  കോൺക്രീറ്റ് ഇളകിമാറി ജല്ലിക്കല്ലുകൾ പുറത്തുവന്ന നിലയിലായി റോഡ്. ഇതോടെ വാഹനയാത്ര പോലും ദുഷ്കരമായതായി നാട്ടുകാർ പറയുന്നു. നിർമ്മാണം പൂർത്തിയായപ്പോൾ തന്നെ അപാകതകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തകരാറുകൾ പരിഹരിക്കാമെന്ന കരാറുകാരന്‍റെ ഉറപ്പിലാണ് അന്ന് നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

1300 മീറ്ററിൽ 800 മീറ്ററിൽ മാത്രമാണ് അടിത്തറയിൽ ജി.എസ്.ബി ഇട്ടതെന്നും ബാക്കി 500 മീറ്ററിൽ പഴയ ടാറിങ്ങിന് മുകളിൽ നേരിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണത്തിന്‍റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ഇരുവശത്തെയും ഓടകൾ സ്ലാബിട്ട് മൂടാത്തതും അപകടഭീഷണി ഉയർത്തുന്നുണ്ട്‌. നിർമ്മാണത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ ഒത്തുകളിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Manjeshwaram Road Damaged Four Months After Construction: