വികസനം വഴി ജീവിതം വെള്ളത്തിലായിരിക്കുകയാണ് കാസര്‍കോട് പൊസോട്ടുവിലെ ഒരു കുടുംബം. അശാസ്ത്രീയമായ ദേശീയപാതാ വികസനം മൂലം മലിനജലം ഒഴുകിയെത്തുന്നത് പൊസോട്ടുവിലെ അന്തുഞ്ഞിയുടെ വീട്ടുമുറ്റത്തേക്കാണ്. ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
മഞ്ചേശ്വരം പൊസോട്ടുവിലെ അന്തുഞ്ഞിയുടെ കുടുംബമാണ് മൂന്ന് വർഷമായി ദുരിതമനുഭവിക്കുന്നത്. സമീപത്തെ സ്വകാര്യ കോളേജ് ഉൾപ്പെടെ നാല് ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനമില്ലാത്തതാണ് പ്രശ്നത്തിന് കാരണം.ശാസ്ത്രീയമായി ഓട നിർമ്മിക്കാത്തതിനാൽ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് അന്തുഞ്ഞിയുടെ വീട്ടിനകത്തേക്കും. കൂടാതെ മലിനജലം വീട്ടുപറമ്പിൽ കെട്ടിക്കിടക്കുന്നത് മൂലം രൂക്ഷമായ ദുർഗന്ധത്തിനൊപ്പം രോഗഭീഷണിയും ഉയരുകയാണ്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് എം.എൽ.എ മുതൽ ജില്ലാ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയെന്നാണ് കുടുംബം പറയുന്നത്.
അശാസ്ത്രീയ നിർമ്മാണത്തിന് ഉത്തരവാദികളായ കരാറുകാർക്കെതിരെ നടപടി വേണമെന്നും... സർവീസ് റോഡിന് സമീപം കൃത്യമായ ഓട നിർമ്മിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മൂന്ന് വർഷമായി തുടരുന്ന ദുരിതത്തിന് അധികൃതർ ഇനിയെങ്കിലും പരിഹാരം കാണുമോ എന്ന കാത്തിരിപ്പിലാണ് ഈ കുടുംബം.