അനന്തപുരത്തെ കുടിവെള്ള മലിനീകരണ പരാതിയിൽ നടപടി. മലിനീകരണ ആരോപണം നേരിടുന്ന സ്വകാര്യ ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ പുത്തിഗെ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. പ്രദേശത്തെ കിണറുകളിലെ വെള്ളം കറുത്ത നിറത്തിലും എണ്ണമയത്തിലും ആയതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യമാണ് കുടിവെള്ള മലിനീകരണത്തിന് കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലാ വ്യവസായ കേന്ദ്രം, മലിനീകരണ നിയന്ത്രണ ബോർഡ്, വാട്ടർ അതോറിറ്റി, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് സംയുക്ത പരിശോധന നടത്തും. പരിശോധന നടത്തി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതുവരെ സ്വകാര്യ ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനാണ് പഞ്ചായത്ത് ഉത്തരവ്. പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവ് ലംഘിച്ചാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.