കാസര്‍കോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി അത്തിയെടുക്കത്ത് കാട്ടാന ശല്യം രൂക്ഷം. കാട്ടനാക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കർണാടകയുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് തയ്യേനി അത്തിയെടുക്കത്ത് ദേശം. അതുകൊണ്ടുതന്നെ പ്രദേശത്ത് നിരന്തരമായി കാട്ടാന ഇറങ്ങുന്നത് പതിവാണ്. ആന ഇറങ്ങുമ്പോൾ ഉദ്യോഗസ്ഥർ വന്നുപോകുന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വിളവെടുക്കാനുള്ള സമയത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് മൂലം വലിയ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. നിലവിൽ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഫെൻസിങ് സംവിധാനം കൊണ്ട് യാതൊരു കാര്യവും ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
കാട്ടാനയെ ഭയന്ന് എത്ര കാലം ഇങ്ങനെ കഴിയേണ്ടി വരും എന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശം ഉപേക്ഷിച്ചു പോകുന്നവരും നിരവധിയാണ്. വിഷയത്തിൽ അടിയന്തര നടപടി ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.