ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ പിടിച്ച് മാറ്റാനുള്ള നടപടി നീളും. കുങ്കിയാനകൾ ലഭ്യമല്ലാത്തതാണ് ദൗത്യത്തിന് തടസമാകുന്നത്. നാല് മാസത്തിനിടെ നാല് പേരാണ് പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചിന്നക്കനാലിലെ ജനവാസ മേഖലയിൽ സ്ഥിരമായി ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പനെയും മറ്റ് രണ്ട് പിടിയാനകളെയുമാണ് മാറ്റേണ്ടത്. ഇതിനായി കുങ്കിയാനാകളെ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. നിലവിൽ കേരളത്തിലുള്ള കുങ്കിയാനകളിൽ രണ്ടെണ്ണം മദപ്പാടിലാണ്. കണ്ണൂർ ആറളം ഫാമിലെ കാട്ടാന ദൗത്യം തുടരുന്നതിനാൽ മറ്റ് കുങ്കികളെ ഉടനെ ചിന്നക്കനാലിൽ എത്തിക്കാൻ കഴിയില്ല.
തമിഴ്നാട് വനം വകുപ്പിന്റെ കുങ്കിയാനകളെ ചിന്നക്കനാലിൽ എത്തിക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ആനകളെ പിടിച്ചാൽ എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അക്രമകാരികളായ ആനകളുടെ സ്വഭാവം നിരീക്ഷിച്ചു വരികയാണ്. ഇതിനുശേഷമാവും എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തെ പ്രദേശത്തു നിന്ന് പിടിച്ചുമാറ്റിയ അരികൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലാണ് തുറന്നുവിട്ടത്.
പിന്നീട് തമിഴ്നാട്ടിലെ മേഘമലയിലും, കമ്പം ടൗണിലുമിറങ്ങിയ അരിക്കൊമ്പൻ വനംവകുപ്പിന് തലവേദനയായിരുന്നു. പ്രദേശത്ത് അവശേഷിക്കുന്ന ഏക കൊമ്പനായ ചക്കകൊമ്പനെ പിടിച്ച് മാറ്റനുള്ള തീരുമാനത്തിൽ പരിസ്ഥിതി പ്രവർത്തകർ എതിർപ്പറിയിച്ചിട്ടുണ്ട്