karkidaka-theyyam

കർക്കിടക മാസത്തിൽ ആധിയും വ്യാധിയും അകറ്റി ഐശ്വര്യം പകരുമെന്ന വിശ്വാസത്തോടെ വടക്കൻ മലബാറിലെ വീടുകൾതോറും കയറിയിറങ്ങുന്ന കുട്ടി തെയ്യങ്ങളാണ് കർക്കിടക തെയ്യങ്ങൾ. ശിവ–പാർവതി സങ്കൽപത്തിൽ കെട്ടിയാടുന്ന ഈ തെയ്യങ്ങൾ കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിലെ കർക്കിടകകാലത്തെ പതിവ് കാഴ്ചയാണ്. ഇരിയ ഉൾപ്പെടെയുള്ള ഗ്രാമീണ വഴികളിലൂടെ പാട്ടും ചെണ്ടമേളവുമായി ഇവരുടെ യാത്ര തുടരുകയാണ്.

മഹാഭാരതത്തിലെ കിരാതയുദ്ധവുമായി ബന്ധപ്പെട്ട ശിവന്റെയും പാർവതിയുടെയും വേടരൂപ സങ്കൽപങ്ങളാണ് കർക്കിടക തെയ്യങ്ങളുടെ ആധാരം. വടക്കൻ മലബാറിൽ വണ്ണാൻ, മലയ, നൽക്കദയ സമുദായങ്ങളിലെ കുട്ടികൾക്കാണ് ഈ തെയ്യം കെട്ടാനുള്ള പാരമ്പര്യ അവകാശം.

വീടുകൾക്ക് മുന്നിലെത്തി പാട്ടുപാടിയും ചെണ്ടകൊട്ടിയും തെയ്യങ്ങൾ ആടിയുലയുമ്പോൾ, വീട്ടുകാർ തിരിതെളിച്ച് ചുണ്ണാമ്പും മഞ്ഞളും ചേർത്ത ഗുരുതിവെള്ളം മുറ്റത്ത് ഒഴിക്കും. ഇതോടെ ദോഷങ്ങൾ അകന്ന് ഐശ്വര്യം നിറയും എന്നതാണ് വിശ്വാസം.

ഓരോ വീടുകളിലും അനുഗ്രഹം ചൊരിഞ്ഞ് യാത്രയാകുന്ന കർക്കിടക തെയ്യങ്ങൾ മടങ്ങിയാൽ, അടുത്ത കർക്കിടകത്തിനായുള്ള കാത്തിരിപ്പാണ് പിന്നെ മലബാറിന്റെ ഗ്രാമങ്ങൾക്ക്.

karkidaka-theyyam-north-malabar:

Karkidaka Theyyam are child deities that visit homes in North Malabar during the Malayalam month of Karkidakam, believed to ward off ailments and bring prosperity. These Theyyam, embodying Shiva-Parvati in hunter forms, are a traditional sight in Kasaragod district's villages, traveling with music and drumming to bless households.