അതിർത്തി പിന്നിട്ട് സംസ്ഥാനത്തേക്ക് എത്തുന്ന വാഹനങ്ങൾ പരിശോധിക്കാനാണ് അതിർത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകൾ. കേരള - കർണാടക അതിർത്തിയിലെ പ്രധാനപ്പെട്ട പരിശോധന കേന്ദ്രമാണ് തലപ്പാടി എക്സൈസ് ചെക്ക് പോസ്റ്റ്. ഈ ചെക്ക്പോസ്റ്റ് കൊണ്ട് ആർക്കെങ്കിലും ഗുണം ഉണ്ടോ എന്നാണ് കാസർകോട്ടെ അതിർത്തി മേഖലയിൽനിന്ന് ഉയരുന്ന ചോദ്യം.
കർണാടകത്തിൽ നിന്ന് ദേശീയപാത 66 വഴി കേരളത്തിലേക്ക് കടക്കാനുള്ള പ്രധാന കവാടമാണ് തലപ്പാടി ചെക്ക് പോസ്റ്റ്. കുഴൽപ്പണവും , മദ്യവും, മാരകലഹരിമരുന്നുമൊക്കെ മാഫിയ സംഘങ്ങൾ റോഡ് മാർഗ്ഗം എളുപ്പത്തിൽ കേരളത്തിലേക്ക് കടത്താൻ ഉപയോഗിക്കുന്ന പ്രദേശം. ദേശീയപാത 66 ന്റെ നിർമ്മാണം ആരംഭിക്കുന്നതിനു മുൻപ് തലപ്പാടി ചെക്ക് പോസ്റ്റ് കടന്നെത്തുന്ന വാഹനങ്ങൾ എക്സൈസും പോലീസുമൊക്കെ പഴുതടച്ച് പരിശോധിച്ചിരുന്നു. എന്നാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തലപ്പാടിയിൽ ഉണ്ടായിരുന്ന എക്സൈസ് ചെക്ക് പോസ്റ്റ് അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഹൊസങ്കടിയിലേക്ക് മാറ്റി. ഇതോടെ ലഹരി മരുന്നുമായി അതിർത്തി കടക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ കഴിയാത്ത അവസ്ഥയിലായി ഉദ്യോഗസ്ഥർ. കർണാടക- കേരള ആർ ടി സി ബസ്സുകളിലെ പരിശോധനയാണ് ആകെ നടക്കുന്നത്.
ആർക്കും ഉപകാരമില്ലാതെ ഹൊസങ്കടിയിൽ പ്രവർത്തിക്കുന്ന ഓഫീസ് തലപ്പാടിയിലേക്ക് മാറ്റണമെന്ന് എക്സൈസ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നുണ്ട്. തലപ്പാടിയിൽ ഓഫീസിനായി കണ്ടെയ്നറുകൾ സ്ഥാപിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. ഓഫീസിന്റെ പ്രവർത്തനം അതിർത്തിയിലേക്ക് മാറ്റിയാൽ പരിശോധന കാര്യക്ഷമമായി നടക്കുമെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.