സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് വിലക്കേർപ്പെടുത്തി കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. ലിപ്സ്റ്റിക്കും, വിവിധതരം ക്രീമുകളും ഉപയോഗിച്ച് വിദ്യാർത്ഥികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതോടെയാണ് സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് വിലക്കേർപ്പെടുത്തണമെന്ന് അധ്യാപകരും പിടിഎയും തീരുമാനിച്ചത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ പിന്തുണ കൂടി ലഭിച്ചതോടെ സൗന്ദര്യവർദ്ധക വസ്തുക്കൾ ക്യാംപസിൽ നിന്ന് പൂർണമായും ഒഴിവാക്കി.
വിദ്യാർത്ഥികളിൽ ഗുണനിലവാരം ഇല്ലാത്ത ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടതോടെയാണ് ആദ്യഘട്ട ബോധവൽക്കരണം ക്യാമ്പസിൽ തുടങ്ങിയത്. അപ്പോഴും ശിശുക്ഷേമ സമിതിയോ, ബാലാവകാശ കമ്മീഷനോ ഇതിനെതിരെ നടപടിയെടുത്താലോ എന്ന് അധ്യാപകർ ഭയന്നു. ഇതിനിടയിൽ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന ആശയം ശിശുക്ഷേമ സമിതി തന്നെ മുന്നോട്ട് വച്ചു.
ഇതോടെ ബോധവൽക്കരണത്തിന് പുറമേ സൗന്ദര്യവർദ്ധക വസ്തുക്കൾ പൂർണ്ണമായും കാഞ്ഞങ്ങാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിലക്കി. കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലായതോടെ വിദ്യാർത്ഥികളും പൂർണമായും സഹകരിച്ചു.