TAGS

ദേശീയപാത ജനകീയ ആവശ്യങ്ങൾക്കായി ഉപവാസം ഇരുന്ന് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും. കാസർകോട് നീലേശ്വരം നഗരസഭയിലെ കൗൺസിലർമാരാണ് ജനകീയ ആവശ്യങ്ങൾക്കായി ഉപവാസ സമരം നടത്തിയത്. നാട്ടിലെ രാഷ്ട്രീയ പ്രതിനിധികൾ വ്യാപാരികൾ ജനകീയ സമരസമിതി എന്നിവരും ഉപവാസത്തിന്‍റെ ഭാഗമായി. 

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയുടെയും വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്. നീലേശ്വരത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാല് പ്രധാന ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്. പഴയ പാലം പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുക, പൊലീസ് സ്റ്റേഷൻ പരിസരം മുതൽ കോട്ടപ്പുറം ജംഗ്ഷൻ വരെ എലവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കുക, കച്ചേരിക്കടവ് പാലത്തിലേക്ക് പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ അനുവദിക്കുക, കരുവാച്ചേരി വളവിൽ കാൽനടയാത്രക്കാർക്കായി ഫുട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സമരം മുൻ എംപി പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ആറ് ദിവസമായി ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതി, വ്യാപാരികൾ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സമരം നടത്തിയിരുന്നു. അവരും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാവിലെ 10  മുതൽ വൈകുന്നേരം 4  വരെ നടന്ന സമരത്തിൽ നീലേശ്വരം നഗരസഭയിലെ 34 കൗൺസിലർമാരും പങ്കെടുത്തു.

ENGLISH SUMMARY:

National Highway Protest in Nileshwaram saw all municipality councilors fasting for public demands, including an elevated bridge and foot overbridge. This initiative by the ad-hoc committee addresses key travel issues and was supported by various community and political representatives.